കാലാവസ്ഥാ മാറ്റം, രോഗങ്ങളിൽ കരുതൽ വേണം; വാക്സിനേഷൻ സ്വീകരിക്കുന്നത് ഉചിതമായ പ്രതിരോധ മാർഗം

0
135

ദുബായ്: കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പനിയെ നിസ്സാരമായി കാണരുതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി. ഓർത്തോമൈക്സോവേരിഡയ് ഇനത്തിൽ പെടുന്ന വൈറസുകളാണ് കാലാവസ്ഥ രോഗങ്ങൾ പടർത്തുന്നത്. ബാക്ടീരിയൽ ന്യൂമോണിയ, ചെവിയിൽ അണുബാധ എന്നിവയ്ക്കും മൂക്ക്, കവിൾ, നെറ്റി എന്നിവിടങ്ങളിൽ വീക്കം വരുത്തുന്ന  സൈനസ് അണുബാധയ്ക്കും ഇവ കാരണമാകും. 

ഹൃദ്രോഗം, ആസ്മ, പ്രമേഹം തുടങ്ങി വിട്ടുമാറാത്ത ശാരീരിക പ്രയാസങ്ങൾ ഉള്ളവർക്ക് ഇത്തരം അണുബാധ സങ്കീർണ പ്രശ്നങ്ങളുണ്ടാക്കും. ​ഇൻഫ്ലുവൻസ പ്രതിരോധത്തിനായി പ്രതിവർഷ വാക്സിനേഷൻ സ്വീകരിക്കുന്നതാണ് ഉചിതമായ പ്രതിരോധ മാർഗമെന്നും ഡിഎച്ച്എ നിർദേശിച്ചു. വ്യക്തി ശുചിത്വം ദുർബലമായാൽ രോഗം വരാനുള്ള സാഹചര്യം വർധിക്കും. ൈകകഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും രോഗ പ്രതിരോധത്തിനു സഹായിക്കും.

രോഗ ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കണം. ഗർഭിണികൾ,  65 വയസ്സിനു മുകളിൽ പ്രായമായവർ, ശ്വാസകോശം രോഗങ്ങൾ, വൃക്ക, കരൾ, രക്ത രോഗങ്ങൾ  ബാധിച്ചവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവരെല്ലാം ഇൻഫ്ലുവൻസ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം.