ടെഹ്റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കിയ സംഘർഷം പതിമൂന്നാം ദിനത്തിലെത്തി നില്‍ക്കെ, ഇറാനെതിരായ പ്രഹരം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലേത് സ്വാതന്ത്രത്തിനായുള്ള ചരിത്ര യുദ്ധമാണെന്ന് പറഞ്ഞ നെതന്യാഹു, ഖമനേയി ഭരണകൂടത്തെ താഴെയിറക്കാനുള്ള അവസരം ഉപയോഗിക്കണമെന്നും ഇറാനിയന്‍ ജനതയോട് ആഹ്വാനം ചെയ്തു.
അതേസമയം, ഇറാന്‍റെ 16 പടക്കപ്പലുകള്‍ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കില്‍ മൈനുകള്‍ നിക്ഷേപിക്കാനെത്തിയ കപ്പലുകളാണ് തകർത്തെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയിലുടനീളം ഇറാന്‍റെ പ്രത്യാക്രമണങ്ങള്‍ തുടരുകയാണ്. ദുബായ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും പരിക്കേറ്റു.
ഇത് സ്വാതന്ത്രത്തിനു വേണ്ടിയുള്ള ചരിത്രയുദ്ധമാണ്. ആയത്തൊള്ള ഭരണകൂടത്തെ താഴെയിറക്കാനും, സ്വാതന്ത്രം തിരിച്ചുപിടിക്കാനുമുള്ള അപൂർവ അവസരമായി ഇതിനെ കാണണം.. അമേരിക്കയോടൊപ്പം ചേർന്ന് മുന്‍പൊന്നും ഉണ്ടാകാത്ത വിധം ഇറാനെതിരെ ആഞ്ഞടിക്കുകയാണ് ഇസ്രയേല്‍. ഇറാനിലെ ആക്രമണം തുടരുമെന്ന് അറിയിച്ച് എക്സ് പോസ്റ്റിലൂടെയായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ആഹ്വാനം.
കഴിഞ്ഞ ദിവസം യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്, ഇറാന്‍റെ 16 പടക്കപ്പലുകള്‍ ആക്രമിച്ചെന്നാണ് പ്രഖ്യാപിച്ചത്. ഹോർമൂസ് കടലിടുക്കില്‍ മെെനുകള്‍ നിക്ഷേപിക്കാനെത്തിയ കപ്പലുകള്‍ തകർത്തു എന്നാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ അവകാശവാദം. ഇതിനിടെ ഹോർമൂസില്‍ കാർഗോ കപ്പലില്‍ പ്രൊജക്ടൈല്‍ പതിച്ചു.
