‘മൂന്നാം ലോക രാജ്യങ്ങളിൽ’ നിന്നുള്ള കുടിയേറ്റം ‘എക്കാലത്തേക്കുമായി നിർത്തിവയ്ക്കും’; ട്രംപിന്റെ ഭീഷണി

0
168

വാഷിങ്ടൻ: യുഎസ് അഭയം നൽകിയ അഫ്ഗാൻ കുടിയേറ്റക്കാരൻ വൈറ്റ്ഹൗസിനു സമീപം നടത്തിയ വെടിവയ്പിൽ നാഷനൽ ഗാർഡ് അംഗം സാറ ബെക്സ്‌ട്രോം(20) കൊല്ലപ്പെട്ടതിനുപിന്നാലെ കുടിയേറ്റം തടയാനുള്ള കർശന നടപടികൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ‘മൂന്നാം ലോക രാജ്യങ്ങളിൽ’ നിന്നുള്ള കുടിയേറ്റം ‘എക്കാലത്തേക്കുമായി നിർത്തിവയ്ക്കും’; പൗരത്വമില്ലാത്തവർക്കായി ഫെ‍ഡറൽ ഭരണക‌ൂ‌ടം നൽകുന്ന ആനുകൂല്യങ്ങളും സബ്സിഡികളും നിർത്തലാക്കും.

അഫ്ഗാനിൽനിന്നുള്ള കുടിയേറ്റക്കാർക്ക് അഭയം നൽകുന്നതു സംബന്ധിച്ച് മുൻ പ്രസിഡന്റ് ജോ ബൈഡൻ അംഗീകാരം നൽകിയ പദ്ധതികളിലുൾപ്പെട്ടവരെ ഇനി പരിഗണിക്കില്ല. ‘വായിച്ചുനോക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെ ബൈഡൻ ഒപ്പിട്ടു കൊടുത്ത സകല കുടിയേറ്റ പദ്ധതികളും റദ്ദാക്കും; യുഎസിന് ഒരു പ്രയോജനവുമില്ലാത്ത ‌എല്ലാവരെയും പുറത്താക്കും’– സമൂഹമാധ്യമത്തിൽ ട്രംപ് പറഞ്ഞു. 2021ൽ യുഎസ് സേനാ വിമാനത്തിൽ അഫ്ഗാൻ അഭയാ‍ർഥികളെ കൂട്ടത്തോടെ കയറ്റി കൊണ്ടുവന്നത് ഒരു പരിശോധനയും ഇല്ലാതെയായിരുന്നെന്നും ട്രംപ് ആരോപിച്ചു. 

ഒന്നാം ലോകം, രണ്ടാം ലോകം, മൂന്നാം ലോകം എന്നിങ്ങനെ രാജ്യങ്ങളെ വിഭജിക്കുന്ന രീതി ശീതയുദ്ധത്തിന്റെ സൃഷ്ടിയാണ്. യുഎസ് കേന്ദ്രിതമായ പടിഞ്ഞാറൻ ചേരിയും സോവിയറ്റ് രാജ്യങ്ങളുടെ കിഴക്കൻ ചേരിയും ഇതിലൊന്നും ചേരാതെ നിഷ്പക്ഷത പാലിച്ച മറ്റുരാജ്യങ്ങളും എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ.

ഈ ഗണത്തിൽ ഇപ്പോഴുള്ളത് 44 രാജ്യങ്ങൾ. ഇതിൽ 32 ആഫ്രിക്കൻ രാജ്യങ്ങളും അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, മ്യാൻമർ എന്നിവയുൾപ്പെടെ 8 ഏഷ്യൻ രാജ്യങ്ങളുമുണ്ട്. വികസ്വര രാജ്യവും ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യ ആധുനിക നിർവചനങ്ങളിൽ മൂന്നാം ലോക രാജ്യമല്ല.