അബുദാബി: ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ ചാരവും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ വ്യാപിച്ചതു ഗൾഫ്-ഇന്ത്യ സെക്ടറുകളിലെ വിമാന സർവീസുകളെ സാരമായി ബാധിച്ചു.
ചെങ്കടൽ, ഒമാൻ, യെമൻ എന്നിവിടങ്ങളിലെ വ്യോമപാതകളിലാണു പ്രധാന തടസ്സമുണ്ടായത്. 2 ദിവസങ്ങളിലായി ഇരുപതിലേറെ വിമാന സർവീസുകൾ റദ്ദാക്കുകയും 34 വിമാനങ്ങൾ വൈകുകയും ചെയ്തതു യാത്രക്കാരെ ദുരിതത്തിലാക്കി. മലയാളികളടക്കം വിവിധ രാജ്യക്കാർക്കു യാത്ര പുനഃക്രമീകരിക്കേണ്ടി വന്നു.
ഗൾഫ് സെക്ടറുകളിൽ നിന്നു കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള യാത്രക്കാരെയാണു കൂടുതലായി ബാധിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, എയർ അറേബ്യ എന്നീ വിമാന കമ്പനികളുടെ സർവീസുകളാണു റദ്ദാക്കിയത്. മറ്റു എയർലൈനുകളുടെ വിമാനങ്ങൾ വൈകിയാണെങ്കിലും സർവീസ് നടത്തിയിരുന്നു.
ഇൻഡിഗോയുടെ അബുദാബി-കണ്ണൂർ, കണ്ണൂർ-അബുദാബി, ദുബായ്-കൊച്ചി, കൊച്ചി-ദുബായ്, കോഴിക്കോട്-ദുബായ്, ദുബായ്-പുണെ വിമാനങ്ങളാണ് 24നു റദ്ദാക്കിയത്. യാത്രക്കാരെ മറ്റു സെക്ടറുകളിലേക്കോ ഇതേ സെക്ടറിൽ വരും ദിവസങ്ങളിലേക്കോ റീ ബുക്കിങ് ചെയ്തതായി എയർലൈൻ അറിയിച്ചു. 24നു കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടിരുന്നു.





