സ്കൂളിന് സമീപം ഉഗ്ര സ്ഫോടനശേഷിയുള്ള ജെലറ്റിൻ സ്റ്റിക് ശേഖരം; പിടിച്ചെടുത്തത് 20 കിലോയിൽ അധികം

0
75

ഡെറാ‍ഡൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ ഒരു സ്കൂളിനു സമീപം ഉഗ്ര സ്ഫോടനശേഷിയുള്ള ജെലറ്റിൻ സ്റ്റിക്കുകളുടെ വലിയ ശേഖരം കണ്ടെത്തി. 20 കിലോയിൽ അധികം വരുന്ന 161 ജെലറ്റിൻ സ്റ്റിക്കുകളാണ് സുല്‍ട്ട് മേഖലയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.

സമീപ മേഖലകളിലേക്ക് പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ടയിൽ സഫോടനം ഉണ്ടായതിനു പിന്നാലെ ഹരിയാനയിൽ 3000 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അൽമോറ ജില്ലയിലെ ഡബാറ ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ജെലറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പ്രിൻസിപ്പൽ സുഭാഷ് സിങ് ആണ് കുറ്റിക്കാട്ടിൽ സംശയകരമായ രീതിയിൽ കുറച്ചു പായ്ക്കറ്റുകൾ കണ്ടെത്തിയത്. ഉടൻതന്നെ രണ്ട് സംഘം പൊലീസുകാർ സ്കൂളിലെത്തി, പ്രദേശം വളഞ്ഞു. ഉധം സിങ് നഗർ, നൈനിറ്റാൾ ജില്ലകളിൽനിന്നുള്ള ബോംബ്, ഡോഗ് സ്ക്വാഡ് അംഗങ്ങളും പിന്നാലെയെത്തി. ‍

ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ജെലറ്റിൻ സ്റ്റിക്കുകളുടെ ചെറിയ പായ്ക്കറ്റുകൾ ഈ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. 20 അടി അകലെ മറ്റു പായ്ക്കറ്റുകൾകൂടി കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പായ്ക്കറ്റുകൾ സീൽ ചെയ്ത് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയെന്ന് എസ്എസ്പി ദേവേന്ദ്ര പിൻച അറിയിച്ചു.