അധ്യാപകന്‍റെ കൈവെട്ടിയ കേസ്, പ്രതി സവാദിന്‍റെ നിര്‍ണായക മൊഴി, കൂടുതൽ അന്വേഷണത്തിന് എൻഐഎ

0
116

കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ പ്രതി സവാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സഹായം കിട്ടിയെന്നാണ് സവാദിന്‍റെ മൊഴിയിലുള്ളത്.

ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു. സവാദിന്‍റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ നിലപാട് എടുത്തു. കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2010 ജൂലെ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ആയിരുന്ന പ്രൊഫ. ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്