റിയാദ്: കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലെ ബത്ഹയിൽ ശറാ റെയിലിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയ കേസിലെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഇത് സംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
റോഡിന് മധ്യത്തിൽ രണ്ട് ഗാർബേജ് വീപ്പകളിട്ട് ബ്ലോക്ക് ചെയ്താണ് കൊള്ള നടത്താനുള്ള പദ്ധതി പ്രതി ആസൂത്രണം ചെയ്തത്. അതുവഴി വന്ന കാർ തിരിഞ്ഞുപോകുന്നതിനിടെ അറബ് വംശജനായ പ്രതി പതുങ്ങി വന്ന് പെട്ടെന്ന് കാറിന്റെ ഡോർ തുറന്ന് കത്തി കാട്ടി ഡ്രൈവറെയും സഹയാത്രികനെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ദേഹപരിശോധന നടത്തി ഇയാൾ പണവും പഴ്‌സും കൈക്കലാക്കുകയും കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.





