റിയാദ് : സഊദിയിലെ ഇന്ത്യൻ എംബസി പ്രവാസികൾക്കായി നടത്തിവരാറുള്ള പതിവ് കോൺസുലർ സന്ദർശനങ്ങളുടെ മാർച്ച് മാസത്തെ സമയക്രമം പുറത്തിറക്കി. മാർച്ച് 21, 27 തീയതികളിലായാണ് വിവിധ പ്രവിശ്യകളിലുള്ള ഇന്ത്യക്കാർക്ക് പാസ്‌പോർട്ട് പുതുക്കുന്നതിനും രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള സന്ദർശനങ്ങൾ നടക്കുക.
മാർച്ച് 21: ന് ദമാം, ജുബൈൽ, ഹാഇൽ എന്നീ നഗരങ്ങളിലാണ് കോൺസുലർ സംഘം എത്തുന്നത്. ദമാമിൽ ലുലു മാളിലുള്ള വി.എഫ്.എസ് (VFS) സെന്റർ, ജുബൈൽ മാളിന് എതിർവശത്തുള്ള വി.എഫ്.എസ് സെന്റർ, ഹാഇലിൽ കിംഗ് ഖാലിദ് റോഡിലെ തഹ്‌വീൽ അൽ രാജി ബാങ്കിന് സമീപമുള്ള വി.എഫ്.എസ് സെന്റർ എന്നിവിടങ്ങളിൽ രാവിലെ മുതൽ സേവനം ലഭ്യമാകും. ഈ മൂന്ന് കേന്ദ്രങ്ങളിലും പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സംബന്ധമായ അപേക്ഷകൾ സ്വീകരിക്കും.
മാർച്ച് 27: ബുറൈദ, അൽ ഹസ (അൽ ഹോഫുഫ്), വാദി അൽ ദവാസിർ എന്നീ നഗരങ്ങളിലാണ് ടൂറുകൾ ക്രമീകരിച്ചിരിക്കുന്നത്. ബുറൈദയിലെ അൽ സഫ്ര ഡിസ്ട്രിക്റ്റിലുള്ള വി.എഫ്.എസ് സെന്ററിൽ അറ്റസ്റ്റേഷൻ സേവനങ്ങൾ മാത്രമായിരിക്കും ലഭ്യമാകുക. അൽ ഹസയിലെ ഷിഫ മെഡിക്സിലും വാദി അൽ ദവാസിറിലെ ഹോട്ടൽ ഖമാസീനിലും അറ്റസ്റ്റേഷനൊപ്പം പാസ്‌പോർട്ട് സേവനങ്ങളും ഉപയോഗപ്പെടുത്താം.
സേവനങ്ങൾ ആവശ്യമുള്ളവർ വി.എഫ്.എസ് വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടത് നിർബന്ധമാണ്. കൺഫോം ചെയ്ത അപ്പോയിന്റ്മെന്റ് ഉള്ളവർക്ക് മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കൂ എന്ന് എംബസി അറിയിച്ചു.





