കോഴിക്കോട്: സിപിഐ നിലപാടില്ലാത്ത രാഷ്ട്രീയപാർട്ടിയാണെന്നും ‘കുരയ്ക്കും പക്ഷേ കടിക്കില്ലെ’ന്നും പരിഹസിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ രാജഭരണമാണു നടക്കുന്നത്.
എൽഡിഎഫ് കണ്‍വീനറോ സിപിഎം ജനറൽ സെക്രട്ടറിയോ അറിയാതെയാണ് പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടത്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ പൂർണമായി നടപ്പാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടിക്ക് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാധാന്യം മനസ്സിലായി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ‍്ഗേവാറിനെക്കുറിച്ചും സവര്‍ക്കറെക്കുറിച്ചും ദീൻ ദയാൽ ഉപാധ്യായയെക്കുറിച്ചും കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കും. ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ട. വി.ഡി.സവര്‍ക്കര്‍ രാജ്യദ്രോഹിയല്ല.
അക്കാര്യം ഇവിടെ പഠിപ്പിക്കും. കോണ്‍ഗ്രസ് തമസ്‌കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയില്‍ കുട്ടികളെ പഠിപ്പിക്കണം. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും കാര്യങ്ങള്‍ മാത്രം പഠിച്ചാല്‍ മതിയോ? അതിനുള്ള സംവിധാനം ഉണ്ടാക്കും. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായ അര്‍ത്ഥത്തിൽ കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകും.
പിഎം ശ്രീ ഒപ്പിട്ടതിൽ എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയട്ടെ. കേന്ദ്രവുമായി എന്തെങ്കിലും ഡീൽ ഉണ്ടോയെന്ന് എനിക്കറിയില്ല. നാലുവർഷം ഇടതുപക്ഷം ഈ പദ്ധതി തടസപ്പെടുത്തിയിരുന്നു. പണ്ടുമുതലേ ഇവർ ആദ്യം കുറെ കാര്യങ്ങൾ പറയും. അപ്പോൾ ഞങ്ങൾ ശരിയായ നിലപാട് പറയും. കുറച്ചു കഴിയുമ്പോൾ ഇവരുടെ പാർട്ടി കോൺഗ്രസ് കൂടിയിട്ട് അതായിരുന്നു ശരി എന്നു പറയും.
കുറച്ചു സമയം എടുക്കും. ട്യൂബ് ലൈറ്റ് പോലെയാണ് സിപിഎം. പെട്ടെന്ന് കത്തൂല. നാലു കൊല്ലം എടുക്കും. ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണ് പിഎം ശ്രീ പദ്ധതി. ഒപ്പിട്ടെങ്കിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കില്ലെന്നാണ് എം.വി.ഗോവിന്ദൻ പറയുന്നത്. ഇതിലൂടെ എം.വി. ഗോവിന്ദൻ മറ്റൊരു കബളിപ്പിക്കൽ നടത്തുകയാണ്.





