ജിദ്ദ: 25 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക്
യാത്രതിരിക്കുന്ന വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡന്റ് ഇ. വി അബ്ദുന്നാസറിന് ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി യാത്രയയപ്പ് നൽകി. പരിപാടി ജില്ല കെ എം സി സി ചെയര്മാന് കെ. കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംഘടന ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെയും അർപ്പണ ബോധത്തോടെയും നിർവഹിച്ച വ്യക്തിയാണ് അബ്ദുന്നാസര്‍ എന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനങ്ങളിലും നിലപാടുകളിലും ദൃഢതയും നേതൃഗുണവും ഒരുപോലെ പുലർത്തിയ നാസർ സംഘടനയുടെ ഊർജ്ജമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങില്‍ മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. നാട്ടിലേക്കുള്ള മടക്ക യാത്രയിൽ മത രംഗത്തും സംഘടന പ്രവർത്തനങ്ങളിലും കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ജില്ല കെഎംസിസി യുടെ സ്നേഹോപഹാരം ജില്ല – മണ്ഡലം ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഇസ്മയിൽ മുണ്ടുപറമ്പ് നാസറിന് കൈമാറി.
25 വർഷത്തോളം ജിദ്ദയില്‍ പ്രവർത്തിച്ച തനിക്ക് സൗഹൃദ ബന്ധങ്ങൾ വളരെ ആഴത്തിലുള്ളതായിയിരുന്നെന്നും ആ ബന്ധങ്ങൾ വിട്ടു പിരിയുന്നതിൽ വലിയ വേദനയുണ്ടെന്നും മറുപടി പ്രസംഗത്തിൽ ഇ. വി അബ്ദുന്നാസർ പറഞ്ഞു. ഇല്യാസ് കല്ലിങ്ങൽ, നൗഫൽ ഉള്ളാടൻ, സാബിർ പാണക്കാട്, മൊയ്തീൻ കുട്ടി ഏറനാട്, ബഷീർ വേങ്ങര എന്നിവര്‍ ആശംസകൾ നേർന്നു സംസാരിച്ചു. അഷറഫ് മുല്ലപ്പള്ളി സ്വാഗതവും അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.





