കുവൈറ്റില്‍ നിന്ന് നാടു കടത്തപ്പെട്ട് കൊച്ചിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതായ ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ഹൈക്കോടതി. ലാമയുടെ മകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്‌നേഹലതയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനാണ് കോടതി നിര്‍ദേശം. ബെംഗളൂരുവില്‍ താമസക്കാരനും 59കാരനുമായ സൂരജ് ലാമ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങേണ്ടയാളെയാണ് കൊച്ചിയിലേക്ക് അയച്ചത്.
കുവൈത്തില്‍ അടുത്തിടെയുണ്ടായ വിഷമദ്യ ദുരന്തത്തനിരയായതിന് പിന്നാലെയാണ് സൂരജ് ലാമയെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് മെട്രോ ഫീഡര്‍ ബസില്‍ ആലുവ മെട്രോ സ്‌റ്റേഷനില്‍ എത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അത് കഴിഞ്ഞ് ഒക്ടോബര്‍ പത്തിന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പരിശോധനയില്‍ കാര്യമായ അസുഖങ്ങള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ഇതിനിടെ സൂരജ് ലാമയുടെ കുടുംബം പൊലീസില്‍ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇങ്ങനെയാണ് സൂരജിന്റെ മകന്‍ കേരളത്തിലെത്തിയത്. മറവി രോഗമുള്ള സൂരജിനെ നാട്ടിലേക്ക് അയച്ചപ്പോള്‍ വീട്ടില്‍ അറിയിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.





