പിതാവിന്റെ ഓർമ ദിവസം ചുമതലയിൽ നിന്ന് അപമാനിച്ച് പുറത്താക്കി; ചാണ്ടി ഉമ്മൻ

0
10

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചുമതല സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അബിന്‍ വര്‍ക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതിന്റെ വേദന സ്വാഭാവികമായും ഉണ്ടാകുമെന്നും ഇഷ്ടമാണെങ്കിലും അല്ലെങ്കിലും പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഒ ജെ ജനീഷും ഈ സ്ഥാനത്തിന് അര്‍ഹനാണെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

‘അബിന്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പല അഭിപ്രായങ്ങള്‍ വരുന്നത് സ്വാഭാവികം. പാര്‍ട്ടിയെടുത്ത തീരുമാനത്തിലെ കാര്യകാര്യങ്ങളിലേക്ക് കടക്കുന്നില്ല. അബിന്‍ അര്‍ഹതയുള്ള വ്യക്തിയാണ്. പതിറ്റാണ്ടുകളായി വര്‍ക്ക് ചെയ്യുന്ന നേതാവാണ്. താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചുവന്ന നേതാവാണ്. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് വേണമായിരുന്നു തീരുമാനമെടുക്കാന്‍’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്‍
സ്വാഭാവിക നീതി എന്താണെന്ന് ചോദിച്ച ചാണ്ടി ഉമ്മന്‍ അതിന്റെ ഭാഗമായി ഇവിടെ വര്‍ക്ക് ചെയ്തവര്‍ക്ക് വിഷമം കാണുമെന്നും വ്യക്തമാക്കി. എല്ലാവരും വിചാരിച്ച നിലയില്‍ എത്തില്ലല്ലോയെന്നും പിതാവിന്റെ ഓര്‍മ്മ ദിവസം തന്നെ പാര്‍ട്ടിയുടെ സ്ഥാനത്തുനിന്നും നീക്കിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘എനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല. എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രാജിവെച്ച് ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. അപ്പോഴും പാര്‍ട്ടിയുടെ തീരുമാനം എന്നാണ് പറഞ്ഞത്’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാര് എന്ന് പിന്നീട് പറയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതിന്റെ കാര്യം എന്തെന്ന് ഒരു ദിവസം താന്‍ പറയുമെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു വിവാദത്തിന് ഇല്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.