പാലക്കാട്: കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളും രംഗത്തെത്തിയത്.
ആരോപണ വിധേയയായ അധ്യാപിക രാജിവെക്കണമെന്നും ശേഷം മാത്രമെ ക്ലാസില്‍ കയറുകയുള്ളൂവെന്നുമാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കും.
‘അര്‍ജുന് നീതി കിട്ടണം. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ നടപടി. മറ്റുള്ളവര്‍ക്ക് സന്ദേശം അയച്ചെന്ന് കരുതി പരിശോധിക്കുകപോലും ചെയ്യാതെ ഡീആക്ടിവേറ്റ് ചെയ്തു. ക്രൂരമായാണ് അര്‍ജുനെ കൊന്നത്. അര്‍ജുന്‍ മരിച്ചതല്ല, കൊന്നതാണ്’, വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അധ്യാപികക്കെതിരെ കേസെടുക്കണമെന്നും അധ്യാപിക അടിച്ചതിന്റെ പാട് അവന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കുട്ടിയുടെ ബന്ധു തല്ലിയതുകൊണ്ടാണ് ജീവനൊടുക്കിയതെന്ന് പൊലീസിനോട് പറയണമെന്ന് അധ്യാപിക വിദ്യാര്‍ത്ഥിയെ വിളിച്ചുപറഞ്ഞതായും പ്രതിഷേധക്കാരിലൊരാള്‍ ആരോപിച്ചു.