സഊദിയിലെ ഇന്ത്യക്കാർക്ക് നാളെ മുതൽ ഇ.പാസ്പോർട്ടുകൾ

0
20

റിയാദ്: സഊദിയിലെ പ്രവാസി ഇന്ത്യക്കാർക്ക് നാളെ ( ഒക്ടോബർ 15) മുതൽ ഇ.പാസ്പോർട്ടുകൾ. ചിപ്പ് ഘടിപ്പിച്ച, 36 പേജുകളുള്ള ഡിജിറ്റൽ പാസ്പോർട്ടുകളുടെ കാലാവധി പത്ത് വർഷമാണ്. യു.എ.ഇയിലെ ഇന്ത്യക്കാർക്ക് ഇ.പാസ്പോർട്ടുകൾ കഴിഞ്ഞ വർഷം മുതൽ വിതരണം ചെയ്ത് തുടങ്ങിയിരുന്നു.

പതിവ് പോലെ ദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റിൽ ഡിജിറ്റൽ പാസ്പോർട്ടുകൾക്കുള്ള അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 15 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജിദ്ദ കോൺസുലേറ്റ് തയ്യാറാക്കിയ ആദ്യത്തെ ഇ.പാസ്പോർട്ടിന്റെ വിതരണോദ്ഘാടനം കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി നിർവഹിക്കും.

ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ യാത്ര ചെയ്യുന്നവരുടെ ഇ. ഗേറ്റ് സംവിധാനം സുഗമമാക്കുന്നതിനും ഡിജിറ്റൽ പാസ്പോർട്ടുകൾ സഹായകമാകും. നിലവിൽ 150 – ലധികം രാജ്യങ്ങളിൽ ഇ.പാസ്പോർട്ടുകൾ നിലവിലുണ്ട്.

പാസ്‌പോര്‍ട്ടുകളുടെ ആധുനിക രൂപമായ ഇ–പാസ്‌പോര്‍ട്ട് നേരത്തെ തന്നെ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. പുതു തലമുറ സൗകര്യങ്ങളും അധിക സുരക്ഷയും ഇ–പാസ്‌പോര്‍ട്ടുകളിലുണ്ടാവും. എന്താണ് സാധാരണ പാസ്‌പോര്‍ട്ടും ഇ–പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം?

ഇ–പാസ്‌പോര്‍ട്ടിനായി എങ്ങനെ അപേക്ഷിക്കാം? എവിടെ നിന്നാണ് ഇ–പാസ്‌പോര്‍ട്ട് ലഭിക്കുക?

രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നിന്നും ഇ–പാസ്‌പോര്‍ട്ട് ലഭ്യമാവും.

ഗുണങ്ങള്

1. ഇ–പാസ്‌പോര്‍ട്ടിന്റെ പിന്‍ കവറില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ്പും(RFID) ആന്റിനയും ഉണ്ടാവും. പാസ്‌പോര്‍ട്ട് ഉടമയുടെ ചിത്രങ്ങളും വിരലടയാളവും ജന്മദിനവും പാസ്‌പോര്‍ട്ട് നമ്പറും അടക്കമുള്ള വിവരങ്ങള്‍ ഈ ചിപ്പിലുണ്ടാവും. രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസരിച്ചാണ് ഈ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുക. അതുകൊണ്ടുതന്നെ ഇത്തരം വിവരങ്ങള്‍ ചോര്‍ന്നു പോവാനുള്ള സാധ്യത കുറവാണ്.

2. ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നതാണ് ഇ–പാസ്‌പോര്‍ട്ടിന്റെ പ്രധാന ഗുണം. ഇ–പാസ്‌പോര്‍ട്ടുകളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന ഇ ഗേറ്റുകള്‍ വഴി എളുപ്പത്തില്‍ യാത്രികര്‍ക്ക് പോവാനാവും.

എങ്ങനെ അപേക്ഷിക്കാം?

സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതു പോലെ തന്നെയാണ് ഇ–പാസ്‌പോര്‍ട്ടിനായും അപേക്ഷ നല്‍കേണ്ടത്. പാസ്‌പോര്‍ട്ട് സേവ കന്ദ്രങ്ങള്‍ വഴിയാണ് പൗരന്മാര്‍ക്ക് ഇ– പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനാവുക. അടുത്തുള്ള പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തേയോ പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തേയോ ബന്ധപ്പെട്ട് ബയോ മെട്രിക് വിവരങ്ങള്‍ കൈമാറിയാല്‍ പാസ്‌പോര്‍ട്ടിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.

ഇ–പാസ്‌പോര്‍ട്ടുള്ള മറ്റു രാജ്യങ്ങള്‍

അമേരിക്ക, കാനഡ, മെക്‌സിക്കോ, പെറു, കൊളംബിയ, ചിലി, ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, യുകെ, ഇറ്റലി, ഫ്രാന്‍സ് എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ഇ–പാസ്‌പോര്‍ട്ട് സംവിധാനമുണ്ട്.