തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ബഹ്റൈനിലേക്കു പുറപ്പെടും. ബഹ്റൈൻ, ഒമാൻ, ഖത്തർ, യുഎഇ, കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങൾ ഡിസംബർ ഒന്നുവരെ വിവിധ ഇടവേളകളിൽ സന്ദർശിക്കാനാണ് ലക്ഷ്യമിടുന്നത്.
കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ സൗദി സന്ദർശനത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. 16ന് ബഹ്റൈനിലെ പ്രവാസി മലയാളി സമ്മേളനമാണ് ആദ്യ പരിപാടി.
കേന്ദ്രാനുമതി ലഭിച്ചില്ലെങ്കിൽ 16ന് ബഹ്റൈനിലെ പരിപാടി കഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങും. അനുമതി ലഭിച്ചാൽ സൗദിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം 19നാണ് കേരളത്തിൽ തിരിച്ചെത്തുക. ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച അവധിയായതിനാൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് വി.എം.സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി.