ഫിഫ ലോകകപ്പിലേക്കുള്ള ഏഷ്യൻ യോഗ്യതാ റൗണ്ട്; നിർണ്ണായക പോരാട്ടം ഇന്ന് ജിദ്ദയിൽ

0
11

ജിദ്ദ: ഫിഫ ലോകകപ്പിലേക്കുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിലെ നിർണ്ണായക പോരാട്ടത്തിന് ഇന്ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയം വേദിയാകും. എ ഗ്രൂപ്പിൽ നിന്നുള്ള മൂന്നാമത്തേയും അവസാനത്തേതുമായ യോഗ്യതാ മത്സരത്തിൽ സൗദി അറേബ്യയുടെ ‘ഗ്രീൻ ഫാൽക്കണുകൾ’ ചിരവൈരികളായ ഇറാഖിനെ നേരിടും.

ഇന്ന് രാത്രി 9.45ന് (സൗദി സമയം) നടക്കുന്ന ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് 2026 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാം. തോൽക്കുന്ന ടീം ഗ്രൂപ്പ് എയിലെ റണ്ണറപ്പിനെ പ്ലേ-ഓഫിൽ നേരിടണം.

നിലവിലെ പോയിന്റ് നില അനുസരിച്ച് സൗദി അറേബ്യ ഇറാഖിനേക്കാൾ മുന്നിലാണ്. ഒരു മത്സരത്തിൽ നിന്ന് മൂന്ന് പോയിന്റുമായി മികച്ച ഗോൾ വ്യത്യാസത്തിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് സൗദി. കഴിഞ്ഞ രണ്ട് റൗണ്ടുകളിലും ഇരു ടീമുകളും ഇന്തൊനീഷ്യയെ പരാജയപ്പെടുത്തിയിരുന്നു. ഇന്തൊനീഷ്യക്കെതിരെ സൗദി 3-2ന് ജയിച്ചപ്പോൾ, ഇറാഖ് 1-0നാണ് വിജയിച്ചത്. നേടിയ ഗോളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ സൗദിക്ക് ഇന്നത്തെ മത്സരത്തിൽ ഒരു സമനില മതിയാകും. എന്നാൽ, ഇറാഖിന് നേരിട്ട് യോഗ്യത നേടണമെങ്കിൽ വിജയം അനിവാര്യമാണ്.

സൗദി അറേബ്യ കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്തൊനീഷ്യയെ പരാജയപ്പെടുത്തിയത്. അതിനാൽ ഇറാഖിനെ അപേക്ഷിച്ച് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിച്ചത് ഫ്രഞ്ച് പരിശീലകൻ ഹെർവ് റെനാർഡിനും ടീമിനും ആത്മവിശ്വാസം നൽകുന്നു. അതേസമയം, ഇന്തൊനീഷ്യക്കെതിരെ ചുവപ്പ് കാർഡ് കണ്ട മിഡ്ഫീൽഡർ മുഹമ്മദ് കാനോയുടെ അഭാവം ടീമിന് തിരിച്ചടിയാണ്.

സ്വന്തം ഹോംഗ്രൗണ്ടിൽ നടക്കുന്ന നിർണ്ണായക മത്സരത്തിൽ സൗദി ടീമിന് പിന്തുണയുമായി വൻ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിൽ എത്തുക. മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റുതീർന്നതായി സൗദി ദേശീയ ടീം സപ്പോർട്ടേഴ്‌സ് കൗൺസിൽ അറിയിച്ചു. ആരാധകർക്ക് മഹത്തായ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ല.