കൊച്ചി: മൂന്നര വയസ്സുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേ വിഷബാധ സ്‌ഥിരീകരിച്ചു. മണ്ണുത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നായയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പേ വിഷബാധയുണ്ടെന്ന് സ്‌ഥിരീകരിച്ചത്. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് – വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ വലതു ചെവിയിലാണ് നായ കടിച്ചത്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. ചെവിയുടെ ഒരു ഭാഗം അറ്റുപോയി.
തുടർന്ന് ശസ്ത്രക്രിയയിലൂടെ അറ്റുപോയ ഭാഗം തുന്നിപ്പിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമാണോ എന്ന കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കു ശേഷമേ വ്യക്‌തത വരൂ എന്നാണ് അറിയുന്നത്. കുട്ടി ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പോസ്‌റ്റ് ഓപ്പറേറ്റീവ് വാർഡിൽ നിരീക്ഷണത്തിലാണ്. കുട്ടിക്ക് ആൻറി റാബീസ് ടെസ്‌റ്റ് നടത്തിയിരുന്നു. ആ പരിശോധനാ ഫലം നിലവിൽ നെഗറ്റീവാണ്. വീടിനടുത്തുള്ള പറമ്പിൽ കുട്ടികൾ കളിക്കുന്നത് നോക്കി അച്ഛനോടൊപ്പം ഇരിക്കുമ്പോഴാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്.
നായയെ തുരത്തിയോടിക്കാൻ മിറാഷ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും വലത്തേ ചെവിയുടെ ഒരുഭാഗം നായ കടിച്ചെടുത്തിരുന്നു. തുടർന്ന് കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും അതിനു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു. തെരുവുനായ പ്രശ്നം ചർച്ച ചെയ്യാനായി ചിറ്റാറ്റുകര പഞ്ചായത്ത് നാളെ 11ന് അടിയന്തര കമ്മിറ്റി ചേരും. നവംബർ മൂന്നിന് സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.