പണം തിരിമറി: അനിൽ അംബാനിയുടെ മകനും സിബിഐയുടെ കുരുക്കിൽ

0
43

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്, യെസ് ബാങ്ക് പ്രമോട്ടറായിരുന്ന റാണ കപുർ എന്നിവർക്കെതിരായ പണംതിരിമറിക്കേസിൽ കുരുക്കു മുറുക്കി സിബിഐ. കൃത്യമായി ആസൂത്രണം ചെയ്ത തട്ടിപ്പുനടന്നുവെന്നാണ് സിബിഐയുടെ ചാർജ്ഷീറ്റ് വ്യക്തമാക്കുന്നതെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനിൽ അംബാനിയുടെ മകൻ ജയ് അൻമോൽ അംബാനിയുടെ ഇടപെടലുകളിലേക്കും അന്വേഷണം നീളുമെന്ന് സിബിഐ സൂചിപ്പിച്ചിട്ടുണ്ട്.

യെസ് ബാങ്ക്, അനിൽ‌ അംബാനിയുടെ അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനികൾ, റിലയൻസ് നിപ്പോൺ അസറ്റ് മാനേജ്മെന്റ് (ആർഎൻഎഎം) എന്നിവ സാമ്പത്തിക നേട്ടത്തിനായി ‌പരസ്പരം ഫണ്ട് തിരിമറി നടത്തിയെന്നും സെബിയുടെ പ്രൈവറ്റ് പ്ലേസ്മെന്റ് ചട്ടം ലംഘിച്ച് സ്വന്തം ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയെന്നുമാണ് പ്രധാന ആരോപണം. റിലയൻസ് ക്യാപിറ്റൽ, ജപ്പാനിലെ നിപ്പോൺ ലൈഫ് ഇൻഷുറൻസ് എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ആർഎൻഎഎം.

യെസ് ബാങ്കും എഡിഎ ഗ്രൂപ്പ് ഓഫ് കമ്പനീസും ഉപസ്ഥാപനങ്ങൾ വഴിയും മറ്റും പുറത്തിറക്കിയ കടപ്പത്രങ്ങൾ (എൻസിഡി ഉൾപ്പെടെ) പരസ്പരം വാങ്ങി നേട്ടമുണ്ടാക്കിയെന്നാണ് പ്രധാന ആരോപണം. അനിൽ അംബാനിയും കപുറും തമ്മിൽ ചർ‌ച്ച ചെയ്താണ് ഈ ‘മ്യൂച്വൽ’ ഇൻവെസ്റ്റ് പ്ലാൻ തയാറാക്കിയതെന്ന് സിബിഐ ആരോപിക്കുന്നു. കടക്കെണിയിൽ‌പ്പെട്ട് പ്രതിസന്ധിയിലായിരിക്കേ, നിപ്പോണുമായി സഹകരിക്കുന്നത് ഉൾ‌പ്പെടെ നടപടികൾക്ക് ചുക്കാൻ പിടിച്ചതും റിലയൻസ് ഗ്രൂപ്പിനെ തിരികെ വളർച്ചയിലേക്ക് നയിച്ചതും ജയ് അൻമോൽ അംബാനിയായിരുന്നു. ഇതോടെയാണ് അദ്ദേഹവും സിബിഐയുടെ അന്വേഷണ വലയത്തിലായത്.

അതേസമയം, 68 കോടി രൂപയുടെ വ്യാജ ബാങ്ക് ഗ്യാരന്റി കേസിൽ റിലയൻസ് പവർ ചീഫ് ഫിനാൻഷ്യൽ ഓഫിസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അശോക് പാലിനെ ഇ.ഡി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ അശോകിനെ രണ്ടു ദിവസത്തേക്ക് ഇ.ഡിയുടെ കസ്റ്റഡിയിലും വിട്ടു. അശോക് പാൽ പദവികൾ രാജിവച്ചുവെന്ന് റിലയൻസ് പവർ വ്യക്തമാക്കിയിട്ടുണ്ട്.

17,000 കോടി രൂപയുടെ വായ്പാത്തിരിമറിക്കേസിൽ അനിൽ അംബാനി, കമ്പനിയിലെ ഇപ്പോഴത്തെയും മുൻപത്തെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ ഇ.ഡിയുടെ അന്വേഷണം നടക്കുകയാണ്. അതേസമയം, അനിൽ അംബാനി കഴിഞ്ഞ 3 വർഷത്തിലേറെയായി റിലയൻസ് പവറിന്റെ ഡയറക്ടർ ബോർഡ് അംഗമല്ല. അതുകൊണ്ട്, ഈ വിഷയത്തിൽ അദ്ദേഹത്തിന് ആശങ്കകളുമില്ലെന്ന് റിലയൻസ് പവർ പറയുന്നു. കമ്പനിയെ ചിലർ തട്ടിപ്പിന്റെ ഇരയാക്കുകയായിരുന്നെന്നും റിലയൻസ് പവർ ആരോപിക്കുന്നു.

സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എസ്ഇസിഐ) ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ വ്യാജ ബാങ്ക് ഗ്യാരന്റികൾ തയാറാക്കിയെന്നാണ് ഇ.ഡി ഉയർത്തുന്ന പ്രധാന ആരോപണം. ഒഡീഷ ആസ്ഥാനമായ ബിസ്വാൾ ട്രെഡ്‍ലിങ്ക് എന്ന സ്ഥാപനം വഴിയാണ് ഇതു സംഘടിപ്പിച്ചത്. ഇതിൽ അശോക് പാൽ ആണ് പ്രധാന പങ്കുവഹിച്ചതെന്നും ഇ.ഡി ആരോപിക്കുന്നു.