കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. വയനാട് മുട്ടിൽ സ്വദേശി ചോലയിൽ വീട്ടിൽ കുഞ്ഞുമോനെയാണ് (42) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ ഇയാൾ കോഴിക്കോട് പറമ്പിൽ കടവിലുള്ള കുന്നത്തു മലയിലാണ് താമസിച്ചിരുന്നത്.
ഇതിനിടെയാണ് ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനി, രാത്രി ഉറക്കത്തിൽ ദുഃസ്വപ്നം കാണുന്നത് ഒഴിവാക്കുന്നതിന് അമ്മയോടൊപ്പം പറമ്പിൽ കടവിൽ താമസിക്കുന്ന ഇയാളുടെ അടുക്കൽ പോയത്. പൂജിച്ച ചരട് കെട്ടുന്നതിനായാണ് ഇവർ മന്ത്രവാദിയുടെ അടുത്ത് എത്തിയത്. തുടർന്ന് പ്രശ്നം വച്ച് പൂജകൾ നടത്തണമെന്ന് കുഞ്ഞുമോൻ പരിഹാരം നിർദേശിക്കുകയായിരുന്നു.
പൂജാ സാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാർഥിനിയെ പ്രതി പീഡിപ്പിക്കുകയും തുടർന്ന് നഗ്ന ഫോട്ടോ എടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അവധി കഴിഞ്ഞ് കോളജിലേക്കു പോകുകയായിരുന്ന വിദ്യാർഥിനിയെ പ്രതി പിന്തുടർന്ന് ഭീഷണിപ്പെടുത്തി ലോഡ്ജിൽ കൊണ്ടുപോകുകയും വീണ്ടും ബലാത്സംഗം ചെയ്തുവെന്നുമാണു കേസ്. വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.