അൽഖോബാർ: നിസ്കാരം നിർവഹിക്കുന്നതിനിടെ ഹൃദയാഘാതം. പ്രവാസി ഇന്ത്യക്കാരൻ അൽഖോബാറിലെ താമസ സ്ഥലത്ത് മരിച്ചു. മംഗലാപുരം സ്വദേശി അബ്ദുല്ല മൊയ്‌ദീൻ കുഞ്ഞി (60) ആണ് മരിച്ചത്. കാൽ നൂറ്റാണ്ടായി സൗദി സ്വദേശി തൊഴിലുടമയുടെ വീട്ടിലെ സഹായതൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
നിസ്കാരം പൂർത്തിയാക്കിയ ശേഷം പതിവ് സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് തൊഴിലുടമയുടെ വീട്ടിൽ നിന്ന് ആളുകൾ എത്തി പരിശോധിച്ചപ്പോഴാണ് സുജൂദിൽ വീണു കിടക്കുന്ന നിലയിൽ മരിച്ചതായി കണ്ടെത്തിയത്. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം ആശുപത്രിയിലെത്തിച്ച് മരണം ഹൃദയാഘാതം ആണെന്ന് സ്ഥിരീകരിച്ചു.
സ്വദേശി തൊഴിലുടമ തുടർനടപടികൾക്കായും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി മലയാളി സാമൂഹികപ്രവർത്തകരുടെ സഹായം തേടി. അൽ കോബാർ കെഎംസിസി വെൽഫെയർ വിഭാഗം എല്ലാ മരണാനന്തര നടപടിക്രമങ്ങളും ഏറ്റെടുക്കുകയും പ്രസിഡന്റ് ഇക്ബാൽ ആനമങ്ങാട്, വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി.
ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും തിങ്കളാഴ്ച രാത്രി മംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം നാട്ടിലെത്തിച്ചു. ദമാം റഹിമയിൽ ജോലി ചെയ്യുന്ന രണ്ടു മക്കൾ മൃതദേഹത്തെ അനുഗമിച്ചു. നാട്ടിൽ ഭാര്യയും ഒരു മകളുമുണ്ട്. കബറടക്കം പിന്നീട് നാട്ടിൽ.





