പലസ്തീൻ ഐക്യദാർഢൃ മൈം നിർത്തിച്ചതിൽ അധ്യാപകർക്ക് വീഴ്ച; പ്രാഥമിക റിപ്പോർട്ട് നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ

0
77

കാസർ​ഗോഡ്: കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പലസ്തീൻ ഐക്യദാർഢൃ മൈം നിർത്തിച്ച സംഭവത്തിൽ അധ്യാപകർക്ക് വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് വീഴ്ചകൾ ചൂണ്ടിക്കാട്ടിയത്. അധ്യാപകർ അനാവശ്യമായി ഇടപെട്ടുവെന്നും മത്സരശേഷം സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത് അധ്യാപകരുടെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇരുവരിൽ നിന്നും വിശദീകരണം തേടിയതായും വിശദമായ റിപ്പോർട്ട് പിന്നീട് നൽകുമെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്. ഇന്നലെയാണ് ഡിഡിഇയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പലസ്തീൻ ജനതയോട് എന്നും ഐക്യദാർഢ്യ നിലപാടാണ് സർക്കാരിനുള്ളതെന്നും. പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് കേരളമെന്നും വി. ശിവൻകുട്ടി പറഞ്ഞിരുന്നു. വിദ്യാർഥികൾക്ക് വീണ്ടും മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും വി. ശിവൻകുട്ടി അറിയിച്ചിരുന്നു. കുമ്പള ഹയർസെക്കൻഡറി സ്കൂൾ കലോത്സവത്തിൽ വേദി ഒന്നിൽ ആയിരുന്നു മൈം മത്സരം നടന്നത്.

പലസ്തീൻ കുട്ടികൾ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകൾ അടക്കം കുട്ടികൾ അവതരിപ്പിച്ചിരുന്നു. മൈം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകർ ഇടപെട്ടത്.

കുട്ടികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കാൻ തുടങ്ങിയപ്പോൾ അധ്യാപകർ വേദിയിലേക്ക് കയറി വന്ന് പരിപാടി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോസ്റ്ററുമായി ചില വിദ്യാർഥികൾ സ്റ്റേജിലേക്ക് കയറിവരികയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെയാണ് പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത് എന്നാണ് അധ്യാപകരുടെ വിശദീകരണം.