ഗസ്സ സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടില തടഞ്ഞ ഇസ്രായേൽ നടപടിക്കെതിരെ ലോക വ്യാപകപ്രതിഷേധം. നടപടി ഭീകരകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും സ്പെയിൻ, കൊളംബിയ, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങൾ വിലയിരുത്തി. ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ സി.ജി.ഐ.എൽ കപ്പൽ വ്യൂഹത്തെ തടഞ്ഞതിൽ ഇന്ന് രാജ്യവ്യാപക പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.
ഫ്ലോട്ടിലക്ക് ഐക്യദാർഢ്യവുമായി ഡസൻ കണക്കിന് തുർക്കിയ ബോട്ടുകളാണ് ഫലസ്തീന് പതാകയുമായി ഹതായ് തീരത്ത് യാത്ര ചെയ്തത്. ഫ്ലോട്ടിലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കൊളംബിയയിൽ നിന്നുള്ള മുഴുവൻ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു.
അതിനിടെ, സംഘത്തിലെ ഒരു കപ്പൽ ഇസ്രായേലിന്‍റെ ഉപരോധമേഖല മറികടന്ന് ഗസ്സ തീരത്തേക്ക് നീങ്ങി. ഇതാദ്യമായാണ് ഒരു കപ്പൽ ഇസ്രായേൽ ഉപരോധം ഭേദിക്കുന്നത്. എന്നാൽ മുഴുവൻ കപ്പലുകളും പിടിച്ചെടുത്ത് അസ്ദോദ് തുറമുഖത്തേക്ക് നീക്കിയതായി ഇസ്രായേൽ അവകാശപ്പെട്ടു. ആഗസ്റ്റ് 31ന് സ്പെയിനിലെ വിവിധ തുറമുഖങ്ങൾ, തുനീഷ്യ , ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളിൽനിന്നായി പുറപ്പെട്ട 44 ചെറുകപ്പലുകളാണ് ഇസ്രായേൽ പിടികൂടിയത്.
കപ്പലിൽ 40ലധികം രാജ്യങ്ങളിൽനിന്നായി 500ഓളം ആക്ടിവിസ്റ്റുകളാണുള്ളത്. പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്, ഫ്രാൻസിൽനിന്നുള്ള യൂറോപ്യൻ യൂനിയൻ പാർലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്സലോണ മേയർ അഡാ കോലോവ് തുടങ്ങി അറസ്റ്റിലായ മുഴുവൻ പേരെയും അസ്ദോദ് തുറമുത്തോട്ചേർന്ന തടങ്കൽ പാളയത്തിലേക്ക് മാറ്റി. ആക്റ്റിവിസ്റ്റുകളെ ചോദ്യംചെയ്യുന്നത് വീക്ഷിക്കാൻ തീവ്ര വലതുപക്ഷ മന്ത്രി ഇതാമർബെൻ ഗവിർ സ്ഥലത്തെത്തി. പിടികൂടിയ ആക്ടിവിസ്റ്റുകളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.