വാഷിങ്ടൺ: ഖത്തറിനോടുള്ള ഇസ്രയേലിന്റെ ക്ഷമാപണം എല്ലാം തിരക്കഥയാണോ എന്നാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. അടുത്തിടെ വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രങ്ങളാണ് ഇതിനാധാരം.
ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. ട്രംപും നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ചയാണ് വേദി. ട്രംപിന്റെ മടിയിൽ ടെലിഫോൺ ഇരിപ്പുണ്ട്. എന്നാൽ റിസീവർ നെതന്യാഹുവിന്റെ കൈയിലും. ചെവിയിൽ ഫോൺ വെച്ച ശേഷം കൈയിലുള്ള കുറിപ്പിലുള്ളത് വായിക്കുന്ന നെതന്യാഹുവിനെയും ചിത്രത്തിൽ കാണാം.
തിങ്കളാഴ്ച ട്രംപും നെതന്യാഹുവും ഓവൽ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുമായി നെതന്യാഹു ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇസ്രയേൽ ഖത്തറിൽ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ പറഞ്ഞിരുന്നു. ദോഹയിൽ നടത്തിയ ആക്രമണത്തിൽ നെതന്യാഹുവിനെതിരേ ട്രംപ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയെ ഫോണിൽ വിളിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേൽ നടത്തിയ കടന്നുകയറ്റത്തിന് നെതന്യാഹു മാപ്പുപറഞ്ഞത്.
ട്രംപിന്റെ 21-ഇന വെടിനിർത്തൽ പദ്ധതി ചർച്ചചെയ്യാനായിരുന്നു നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനം. ഖത്തറിലെ പൊലീസുകാരന്റെ മരണത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. സമാധാനചർച്ചകൾ പുനഃരാരംഭിക്കണമെങ്കിൽ ഇസ്രയേൽ മാപ്പുപറയണമെന്ന് ഖത്തർ നിബന്ധനവെച്ചിരുന്നു. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരാഷ്ട്രമാണ് ഖത്തർ.