ജിദ്ദ: കേരളത്തിൽ വേരുകളുള്ള പ്രമുഖ സൗദി വ്യവസായി ഷെയ്ഖ് മുഹമ്മദ് സയീദ് മലൈബാരി എന്ന അബൂ റയ്യാൻ (70) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽനിന്നാണ് അബൂറയ്യാന്റെ കുടുംബം സൗദിയിൽ എത്തിയത്.
അബൂ റയ്യാന്റെ പിതാവ് സയീദ് മുഹമ്മദ് അലി അബ്ദുല്‍ ഖാദര്‍ മലൈബാരി ജിദ്ദയിൽ നിരവധി വ്യവസായ സംരംഭങ്ങൾ വിജയകരമായി നടത്തിയിരുന്നു. 1949ലായിരുന്നു ഇദ്ദേഹം ജിദ്ദയിൽ എത്തിയത്. ആറു വർഷത്തിന് ശേഷം 1955ൽ അബൂ റയ്യാൻ ജനിച്ചു.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയിൽനിന്നാണ് ബിരുദം പൂർത്തിയാക്കിയ ശേഷം 1980ൽ ബിസിനസിലേക്ക് കടന്നത്. നിരവധി വ്യവസായങ്ങൾക്ക് നേതൃത്വം നൽകിയ അബൂ റയ്യാന്റെ സ്പോൺസർഷിപ്പിൽ നിരവധി മലയാളികളും ഉണ്ടായിരുന്നു. കേരളത്തെയും മലയാളികളെയും സംബന്ധിച്ച് പറയുമ്പോഴെല്ലാം അബൂ റയ്യാൻ തന്റെ വേരുകളിൽ അഭിമാനം കൊണ്ടു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജീവനക്കാർ മലയാളികളാണെന്ന് ജിദ്ദയിലെ പൊതുവേദികളിൽ അദ്ദേഹം പറയാറുണ്ടായിരുന്നു.
മുഹമ്മദ് സയീദ് കൊമേഴ്‌സ്യൽ കോർപറേഷന്റെ (മൊസാക്കോ) ഉടമയും മാനേജിങ് ഡയറക്ടറുമായ അബൂറയ്യാൻ, ജിദ്ദ ലദിലെ കശ്മീരി ടെക്സ്റ്റൈൽസ് സ്ഥാപിച്ച് ടെക്സ്റ്റൈൽസ് മേഖലയിലേക്കും കടന്നു. അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് അബൂ റയ്യാന്റെ പതിവായിരുന്നു.





