ഉത്തരേന്ത്യയില്‍ വിശ്വാസത്തിന്‍റെ പേരിൽ തെരുവുകളിലേക്ക് ഇറക്കിവിടുന്ന കാളകളും പശുക്കളും വലിയ അപകടങ്ങള്‍ക്കാണ് കാരണക്കാരാകുന്നത്. അതേസമയം ഇവയെ നിയന്ത്രിക്കുന്നതിനുള്ള യാതൊരു ശ്രമവും സംസ്ഥാന – പ്രദേശിക ഭരണകൂടങ്ങളില്‍ നിന്നും ഉണ്ടാകാത്തത് പൊതുജനങ്ങളെ വലയ്ക്കുന്നു. പലപ്പോഴും ഇത്തരം മൃഗങ്ങളുടെ അക്രമണങ്ങൾക്ക് ഇരയാകുന്നത് സാധാരണക്കാരായ വഴിയാത്രക്കാരാണ്.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ പിന്നില്‍ നിന്നും ഒരു തെരുവ് കാളയുടെ കുത്തേറ്റ് വായുവിൽ ഉയർന്നു പൊങ്ങി താഴേയ്ക്ക് വീഴുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉത്തർപ്രദേശിലെ ഝാന്‍സിയിലെ ബബിന ഗ്രാമത്തിലാണ് സംഭവം നടന്നത്. സെപ്തംബൂര്‍ 25-ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വെറും 17 സെക്കന്‍റ് മാത്രമുള്ള വീഡിയോ ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്.