മറ്റൊരാളുമായി ബന്ധമെന്ന് സംശയം; കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്, മൃതദേഹത്തിനൊപ്പം സെൽഫി

0
101

കാൺപുർ: ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ പ്രണയം കൊലപാതകത്തിൽ അവസാനിച്ചു. കാൺപുർ സ്വദേശിയായ സൂരജ് കുമാറാണ് തന്റെ പ്രണയിനിയായ ആകാംഷയെ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം.

ഒരു യുവാവുമായി സംസാരിച്ചതറിഞ്ഞ് സൂരജ് ആകാംഷയുമായി വഴക്കുണ്ടാക്കി. ആകാംഷയുടെ തല ഭിത്തിയിൽ ഇടിച്ചതിനു ശേഷം കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാനായി സൂരജ് സുഹൃത്ത് ആശിഷ് കുമാറിനെ വിളിച്ചു. ആകാംഷയുടെ മൃതദേഹം അവർ ഒരു ബാഗിലാക്കി 100 കിലോമീറ്റർ അകലെയുള്ള ബാന്ദയിലേക്ക് മോട്ടർ സൈക്കിളിൽ കൊണ്ടു പോയി. ബാഗ് യമുനാ നദിയിൽ എറിഞ്ഞു. അതിനു മുൻപ് സൂരജ് ബാഗിനൊപ്പം ഒരു സെൽഫിയെടുത്തു.

മകളെ കാണാനില്ലെന്ന് ഓഗസ്റ്റ് 8 ന് യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകി. മകളെ സൂരജ് തട്ടിക്കൊണ്ടുപോയെന്ന് അവർ പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് സൂരജിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഒരു റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്നു ആകാംഷ. അവിടെവച്ചുള്ള പരിചയമാണ് പ്രണയമായത്. ബാഗിനൊപ്പം എടുത്ത സെൽഫി സൂരജിന്റെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് കണ്ടെടുത്തു.