ഒഡിഷയിലെ പുരി ബീച്ച് പരിസരത്തുവെച്ച് ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട ശേഷം, യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആണ്‍സുഹൃത്തിന്റെ കണ്‍മുന്‍പില്‍വച്ചാണ് 19കാരിയായ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്.
ബല്ലിഹര്‍ചണ്ടി ക്ഷേത്രത്തിനടുത്ത് ഇരിക്കുകയായിരുന്നു യുവതിയും ആണ്‍സുഹൃത്തും. ഇതിനിടെ മൂന്നുപേര്‍ വന്ന് ഇവര്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഇവരറിയാതെ മൊബൈലില്‍ വിഡിയോ എടുത്തു. ശേഷം ഇവരുടെ അടുത്തെത്തി ആ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. വിഡിയോ ഡിലീറ്റ് ചെയ്യണമെങ്കില്‍ പണം തരണമെന്നാവശ്യപ്പെട്ട് ഇരുവരേയും തടഞ്ഞുവെച്ചു.
പണമില്ലെന്ന് പറഞ്ഞതോടെ രണ്ടുപേര്‍ ചേര്‍ന്ന് ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. അതിന് ശേഷമാണ് ഇവരിലൊരാള്‍ യുവതിയെ ബലമായി കടന്നുപിടിച്ച് ബലാത്സംഗം ചെയ്തത്. ആണ്‍സുഹൃത്തിനെ കെട്ടിയിട്ടതിനാല്‍ അയാള്‍ക്ക് ഒന്നും ചെയ്യാനായില്ല. യുവതി തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം പ്രശ്നമായതോടെ പൊലീസെത്തും മുമ്പേ പ്രതികള്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു.
പുരി ജില്ലയിലാണ് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി താമസിക്കുന്നത്. സംഭവത്തെപ്പറ്റി പെണ്‍കുട്ടി പറഞ്ഞത് ഇപ്രകാരമായിരുന്നു; ആണ്‍സുഹൃത്തും താനും ക്ഷേത്രത്തിൽ പോയി. അതിനുശേഷം ബീച്ചിൽ നിന്ന് അര കിലോമീറ്റര്‍ ദുരെയുള്ള കാസുവാരിന വനത്തിലേക്ക് സംസാരിച്ചിരിക്കാനാണ് പോയത്. ഞങ്ങള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അവര്‍ ഫോണിൽ പകർത്തി. പണം നൽകിയാൽ വീഡിയോ ഡിലീറ്റ് ചെയ്യാമെന്നും ഇല്ലെങ്കിൽ പണി തരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പണം നൽകാൻ തയ്യാറാകാതെ വന്നതോടെ ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ട ശേഷം എന്നെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.





