വസ്ത്രധാരണത്തിന്റെ പേരിൽ പലതരത്തിലുള്ള വിമർശനങ്ങൾ സ്ത്രീകൾ നേരിടാറുണ്ട്. അത്തരത്തിൽ വിമാനത്തിൽ തനിക്കുണ്ടായ ഒരു അനുഭവം സമൂഹമാധ്യമത്തലൂടെ പങ്കുവയ്ക്കുകയാണ് മുൻ പ്ലേബോയ് മോഡൽ സാറ ബ്ലേക്ക്. സെപ്റ്റംബർ ഒന്നിന് അറ്റ്ലാൻഡയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സാറയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.
വിമാനം റദ്ദാക്കിയതിന്റെയും സമയക്രമം മാറിയതിന്റെയും അസ്വസ്ഥതയിലായിരുന്ന സാറ കറുപ്പ് ക്രോപ്പ് ടോപ്പിനു മുകളിൽ മഞ്ഞ ഷർട്ടും ലഗിൻസും സോക്സും സ്നീക്കേഴ്സും ധരിച്ചാണ് വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ബട്ടൻസിടാെതയാണ് ഷർട്ട് ധരിച്ചത്. ബോർഡിങ്ങിനു തയാറെടുക്കുന്നതിനിടെ വിമാനജീവനക്കാരി ബ്ലേക്കിനോട് ബട്ടൻസിടാൻ ആവശ്യപ്പെട്ടു. വിമാനത്തിൽ കൃത്യമായ ഡ്രസ് കോഡുണ്ടെന്നും വിമാനത്തിലെ ജീവനക്കാരി ബ്ലേക്കിനെ അറിയിച്ചു.
എന്നാല്‍ സമാന രീതിയിൽ വസ്ത്രധാരണം നടത്തിയ മറ്റുള്ളവരോടു ജീവനക്കാർ ഇത്തരം ആവശ്യം ഉന്നയിച്ചില്ലെന്നാണ് സാറയുടെ പക്ഷം. ‘വിമാനത്തിൽ കയറുന്നതിനു മുൻപ് ബട്ടൻസിടണമെന്ന് ഫ്ലൈറ്റ് അറ്റന്റ് എന്നോട് ആവശ്യപ്പെട്ടു. വലിയ മാറിടമുള്ളവർക്ക് അത്‌ലറ്റിക് വെയർ ധരിക്കാനാവില്ലെന്ന് പറയുന്ന ഒരു ഡ്രസ് കോഡ് അമേരിക്കൻ എയർലൈന്‍സിനുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.’– സാറ ബ്ലാക്ക് പറഞ്ഞു.
സാറ ബ്ലേക്ക് ചീക്കിന്റെ സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധനേടിയതോടെ മറുപടിയുമായി എയർലൈൻസ് കമ്പനിയും രംഗത്തെത്തി. ജീവനക്കാരിയുടെ ഇടപെടലിൽ കമ്പനി ക്ഷമാപണം നടത്തി. കമ്പനിയുടെ പ്രതിനിധി ബ്ലേക്കിനോട് സംസാരിക്കാൻ തയാറാണെന്നും അറിയിച്ചു. ഉപഭോക്താക്കളെയും ജീവനക്കാരെയും ബഹുമാനിക്കുന്ന സംസ്കാരമാണ് തങ്ങളുടെതെന്നും കമ്പനി വ്യക്തമാക്കി.