തുർക്കി തീരത്ത് നിന്നും കന്നി യാത്ര ആരംഭിച്ചതിന് പിന്നാലെ ആഡംബര കപ്പൽ മുങ്ങി. വടക്കൻ തുർക്കിയുടെ തീരത്ത് നിന്ന് നീറ്റിലിറക്കിയതിന് പിന്നാലെയാണ് ആഡംബര നൗകയായ ഡോൾസ് വെന്‍റോ മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകൾ. നീറ്റിലിറക്കി വെറും 15 മിനിറ്റിനുള്ളില്‍ കപ്പല്‍ വെള്ളത്തിനടയിലായി.
ഇതോടെ കപ്പലിലുണ്ടായിരുന്ന ഉടമ കടലിലേക്ക് ചാടി രക്ഷപ്പെട്ടു. ഏകദേശം 85 അടി നീളവും ഏകദേശം 1 മില്യൺ ഡോളർ (ഏതാണ്ട് 8 കോടി 81 ലക്ഷം രൂപ) വിലമതിക്കുന്ന യാച്ചാണ് നിമിഷ നേരം കൊണ്ട് കടലിനടിയിലേക്ക് മുങ്ങിയത്. അപകടത്തിന് പിന്നാലെ ജീവനക്കാരും ഉടമയും യാച്ചില്‍ നിന്നും കടലിലേക്ക് ചാടി നീന്തുകായായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇസ്താംബൂളിൽ നിന്നാണ് യാച്ച് ഉടമയ്ക്ക് എത്തിച്ച് കൊടുത്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യാച്ച് മുങ്ങാനുള്ള കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും സാങ്കേതിക പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയിൽ കരയില്‍ നിന്നും നീറ്റിലിറക്കുന്ന യാച്ചിനെ കാണാം. അല്പം സമയം യാച്ച് മുന്നോട്ട് നീങ്ങുന്നത് കാണാം. പിന്നെ കാണുന്നത് ഒരു വശത്തേക്ക് ചരിഞ്ഞ് നില്‍ക്കുന്ന യാച്ചിനെയാണ്.
അടുത്ത ഷോട്ടില്‍ യാച്ച് ഏതാണ്ട് പൂര്‍ണ്ണമായും മുങ്ങുന്നതിന് തൊട്ട് മുമ്പ് അതിലുണ്ടായിരുന്ന അവസാനത്തെ ആളും കടലിലേക്ക് ചാടുന്നതും കാണാം. ഇവരെല്ലാവരും പിന്നീട് നീന്തി കരയ്ക്കെത്തിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ടൈറ്റാനിക്ക് സിനിമയുടെ പശ്ചാത്തല സംഗീതത്തോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ചിലര്‍ വീഡിയോ എഐ നിർമ്മിതമാണെന്ന് ആരോപിച്ചു.