ഇസ്‌ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന തകർത്ത പ്രധാന എയർബേസായ നൂർഖാൻ വ്യോമതാവളത്തിന്റെ പുനർനിർമാണം ആരംഭിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലെ നയതന്ത്ര പ്രധാന്യമേറെയുള്ള വിവിഐപി വ്യോമതാവളമാണ് റാവൽപിണ്ടിയിലെ നൂർഖാൻ എയർബേസ്.
പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് മേഖലയിൽ പുനർനിർമാണം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ ആക്രമണത്തിൽ സൈനിക ട്രക്കുകൾ അടക്കം വ്യോമതാവളത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനിടെ സൈനിക ട്രക്കുകൾ, കമാൻഡ് ആന്റ് കൺട്രോൾ സെന്റർ എന്നിവയാണ് ഇന്ത്യൻ വ്യോമസേന തകർത്തത്. പാക്കിസ്ഥാൻ വ്യോമ – കരസേനകളുടെ ആശയവിനിമയ സംവിധാനങ്ങളെ സംയോജിപ്പിച്ചിരുന്ന കൺട്രോൾ സെന്ററായിരിക്കാം തകർന്ന കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നതെന്നാണ് വിലയിരുത്തൽ. ആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും നൂർഖാൻ ബേസിൽ പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാൽ തന്നെ ആക്രമണത്തിന്റെ തീവ്രത വലിയതായിരിക്കാമെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.