വേർപിരിയാതെ എൽകെജി മുതൽ മരണം വരെ; ഒരേ പോലുള്ള നീല ഷർട്ട് ധരിച്ച ആ ചിത്രം വേദനയായി

0
51

കഴക്കൂട്ടം: എൽകെജി മുതൽ ഒരേ ക്ലാസിൽ പഠിച്ച വേർപിരിയാത്ത കൂട്ട് അഭിജിത്തും നബീലും മരണത്തിലും തുടർന്നു. രണ്ടു പേരും തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥികളാണ്. 27ന് സ്കൂളിലെ ഓണാഘോഷത്തിൽ ഒരേ പോലുള്ള നീല ഷർട്ടും കരയുള്ള മുണ്ടും ധരിച്ച് മൊബൈൽ ഫോണിൽ പകർത്തിയ ചിത്രമാണ് കൂട്ടുകാരും അധ്യാപകരും വേദനയോടെ പങ്കുവയ്ക്കുന്നത്.

നബീൽ സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റൻ കൂടിയാണ്. ഓണപ്പരീക്ഷയും ഓണാഘോഷവും കഴിഞ്ഞ് സ്കൂൾ അടച്ചതിനെ തുടർന്ന് ബീച്ച് കാണാനാണ് കൂട്ടുകാരായ അഞ്ചംഗ സംഘം ഞായറാഴ്ച സൈക്കിളിൽ പുത്തൻതോപ്പ് കടപ്പുറത്ത് എത്തിയതും കടലിൽ ഇറങ്ങി അപകടത്തിൽപ്പെടുന്നതും. നബീലിന്റെ, ഗൾഫിൽ ജോലി ചെയ്യുന്ന പിതാവ് ഷാനവാസ് നാട്ടിലെത്തിയിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ നജീം ആണ് നബീലിന്റെ അനുജൻ. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീടിനു സമീപത്ത് അഭിജിത്തിന്റെ മൃതദേഹം സംസ്കരിച്ചിരുന്നു. വിദ്യാർഥികളും അധ്യാപകരും അടക്കം വൻ ജനാവലി രണ്ടു പേർക്കും അന്ത്യോപചാരം അർപ്പിച്ചു.