തിരുവനന്തപുരം: തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന ഡ്രോൺ ഷോ ഇന്ന് നടക്കും. പാളയത്തെ ആകാശത്ത് വൈകിട്ടോടെ ഡ്രോണുകൾ ഉയരും. തിരുവനന്തപുരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഡ്രോൺ പ്രദർശനം.
അനന്തപുരിയുടെ ആകാശം വീണ്ടും വർണാഭമാകാൻ ഒരുങ്ങുകയാണ്. തലസ്ഥാന ചരിത്രത്തിലാദ്യമായി 1000 ഡ്രോണുകൾ ഒരുമിച്ച് പ്രകാശം പരത്തും. ആ പ്രകാശ ചിത്രം വരയ്ക്കുന്നത് ഓണത്തിന്റെ സാംസ്കാരിക തനിമയും നവകേരളത്തിന്റെ വികസന സ്വപ്നങ്ങളുമായിരിക്കും. 2ഡി, 3ഡി രൂപങ്ങളിൽ ചന്ദ്രശേഖർ നായർ സ്റ്റേഡിയം, സർവകലാശാല സ്റ്റേഡിയം എന്നിവിടങ്ങളിൽ ഡ്രോണുകള്‍ പ്രകാശവിസ്മയം തീർക്കും.
ഇന്ന് മുതൽ ഞായറാഴ്ച വരെയാകും ഡ്രോൺ ഷോ നടക്കുക. രാത്രി 8.45 മുതൽ 9.15 വരെയാണ് ഡ്രോണ്‍ ലൈറ്റ് ഷോ. കിലോമീറ്ററുകൾ അകലെ നിന്ന് പോലും ജനങ്ങൾക്ക് പരിപാടിക്ക് സാക്ഷിയാകാം. മതസൗഹാർദത്തിന്റെ മാതൃകയായ പാളയത്തെ പള്ളി, അമ്പലം, മോസ്‌ക് എന്നിവയുടെ ആകാശത്താണ് ഈ വിസ്മയ കാഴ്ചയെന്നുള്ളത് പരിപാടിയെ വീണ്ടും പകിട്ടേറിയതാക്കും.