വിവാഹമോചനത്തിനു ശേഷവും ചെഹലുമായി അടുപ്പം, എന്നെ മാ എന്നു വിളിക്കും: വെളിപ്പെടുത്തി ധനശ്രീ വർമ

0
14

മുംബൈ: വിവാഹ ബന്ധം അവസാനിപ്പിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നു വ്യക്തമാക്കി ഇൻഫ്ലുവൻസറും നര്‍ത്തകിയുമായ ധനശ്രീ വർമ. ഫറാ ഖാന്റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ധനശ്രീ വർമ ചെഹലുമായുള്ള ബന്ധത്തെക്കുറിച്ചു സംസാരിച്ചത്. ‘‘എനിക്ക് ഇപ്പോഴും യുസിയുമായി (ചെഹൽ) അടുപ്പമുണ്ട്. ഞങ്ങൾ മെസേജുകൾ അയക്കാറുണ്ട്. അദ്ദേഹം എന്നെ മാ എന്നാണു വിളിക്കാറ്.’’– ധനശ്രീ വർമ വ്യക്തമാക്കി.

‘‘വിവാഹിതയായതോടെ ഒരുപാട് യാത്രകൾ ആവശ്യമായി വന്നു. കരിയറിന്റെ ഭാഗമായി ഹരിയാനയിൽനിന്ന് മുംബൈ വരെ തുടർച്ചയായി യാത്രകൾ ചെയ്യണം. താൽപര്യമില്ലെങ്കിലും രക്ഷിതാക്കളുടെ നിർദേശത്തെ തുടര്‍ന്ന് എനിക്ക് അത് അനുസരിക്കേണ്ടിവന്നു.’’– ധനശ്രീ വ്യക്തമാക്കി. ചെഹലിന്റെ കുടുംബവീട് ഹരിയാനയിലാണ്. വിവാഹ ശേഷം മുംബൈയിലേക്കു താമസം മാറാൻ ധനശ്രീ നിർബന്ധിച്ചിരുന്നെങ്കിലും ചെഹൽ ഇതിനു വഴങ്ങിയില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

2020 ലാണ് ധനശ്രീയും ചെഹലും വിവാഹിതരാകുന്നത്. 2022 മുതൽ ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെങ്കിലും ഈ വർഷം പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടി. കേസിനു വേണ്ടി കോടതിയിലെത്തിയപ്പോൾ താൻ പൊട്ടിക്കരഞ്ഞതായി ധനശ്രീ നേരത്തേ വെളിപ്പെടുത്തിയിരുന്നു. സമൂഹത്തിൽനിന്നു കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുമെന്ന് അറിയാമായിരുന്നെന്നും വിവാഹമോചനത്തിനു പിന്നാലെ ധനശ്രീ പറഞ്ഞിരുന്നു.