മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചു; ആദ്യ കൺമണി മരിച്ചതും സമാന രീതിയിൽ

0
29

മീനാക്ഷിപുരം: കടുത്ത പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. സർക്കാർപതി ആദിവാസി ഉന്നതിയിലെ പാർഥിപൻ– സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണു മരിച്ചത്. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാമായിരുന്നു.

ഇന്നലെ പുലർച്ചെ വീട്ടിൽ പാൽകൊടുക്കുമ്പോൾ അനക്കമില്ലാതായതോടെ കുഞ്ഞിനെ അഞ്ചരയോടെ പാലക്കാട് ഗവ.വനിതാ– ശിശു ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 2 വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞ് സമാനമായ രീതിയിൽ മരിച്ചതാണ്.

അസുഖങ്ങളില്ലായിരുന്നുവെന്നും കൃത്യമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. ജനനി ജന്മരക്ഷാ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പു ഗർഭിണികൾക്കു പ്രതിമാസം നൽകുന്ന 2000 രൂപയുടെ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്നു യുവതിയുടെ കുടുംബം പറഞ്ഞു. ധനസഹായം ലഭിക്കാനുള്ള രേഖകൾ ശരിയാക്കിവയ്ക്കാൻ ട്രൈബൽ പ്രമോട്ടർ പറഞ്ഞിരുന്നു. എല്ലാം ശരിയാക്കി അറിയിച്ചെങ്കിലും രേഖകൾ കൈപ്പറ്റാൻ പ്രമോട്ടർ എത്തിയില്ലെന്നു കുടുംബം പറയുന്നു. ഇതോടെ ധനസഹായം മുടങ്ങി.

പെരുമാട്ടി പഞ്ചായത്തിലെ 9ാം വാർഡിൽപെടുന്ന സർക്കാർപതി ഉന്നതിയിലാണു യുവതിയും കുടുംബവും താമസിക്കുന്നത്. ആദിവാസി സ്ത്രീകൾ ഗർഭിണികളാകുമ്പോൾ പട്ടികവർഗ, വികസന വകുപ്പ് മൂന്നാം മാസം മുതൽ 2000 രൂപ ധനസഹായമായി നൽകും. കുഞ്ഞിന് ഒന്നരവയസ്സാകുന്നതു വരെ ഈ തുക അമ്മയുടെ ബാങ്ക് അക്കൗണ്ടിലെത്തും. ഗർഭിണിയാകുമ്പോൾ തന്നെ പ്രമോട്ടർ മുഖേന റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഗർഭിണികളെ കണ്ടെത്തി റജിസ്റ്റർ ചെയ്യിക്കേണ്ട ചുമതല ആദിവാസി ഉന്നതികളിലെത്തുന്ന ട്രൈബൽ ഫീൽഡ് പ്രമോട്ടർമാരുടെ ജോലിയാണ്. എന്നാൽ ഇതു കൃത്യമായി ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. സംഗീത ഗർഭിണിയായിരുന്നത് അറിഞ്ഞില്ലെന്നും പ്രസവിച്ച് രണ്ടു മാസം കഴിഞ്ഞാണ് അറിഞ്ഞതെന്നുമാണു പ്രമോട്ടർ പറയുന്നത്.