ധർമസ്ഥല കേസ്: ചിന്നയ്യയ്ക്ക് സാമൂഹിക പ്രവർത്തകരുമായി ബന്ധമെന്ന് വെളിപ്പെടുത്തൽ; തെളിവെടുപ്പ് നടത്തി

0
22

കർണാടക: ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരൻ ചിന്നയ്യയ്ക്ക് സാമൂഹിക പ്രവർത്തകരുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇവരുമായുള്ള ബന്ധത്തെ കുറിച്ചും വെളിപ്പെടുത്തൽ നടത്തുന്നതിന് മുൻപായി ഇവരോടൊപ്പം ഡൽഹിയിലേക്ക് നടത്തിയ യാത്രയുടെ വിശദാംശങ്ങളും ഇയാൾ പുറത്തുവിട്ടു.

ഇതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം ടി. ജയന്തിൻ്റെ വീട്ടിലെത്തി അന്വേഷണം നടത്തി. ധർമസ്ഥല ക്ഷേത്ര ഭരണസമിതിയെ എതിർക്കുന്ന മുൻനിര പ്രവർത്തകരിൽ ഒരാളാണ് ടി. ജയന്ത്. മണിക്കൂറുകൾ നീണ്ട തെളിവെടുപ്പിനും അന്വേഷണത്തിനും ഒടുവിൽ ചിന്നയ്യയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൻ്റെ ഓഫീസിൽ ഹാജരാക്കി. ഇന്ന് ചിന്നയ്യയെ മറ്റൊരു പൊതു പ്രവർത്തകനായ ഗിരീഷ് മട്ടന്നനവരുടെ വീട്ടിലെത്തിച്ചും അന്വേഷണം നടത്തും. തുടർന്ന് തമിഴ്നാട്ടിലെ സേലത്തെത്തിക്കുമെന്നും റിപ്പോർട്ടുണ്ട്.

പൊലീസ് തെളിവെടുപ്പിന് പിന്നാലെ ഏകദേശം ഒന്നര വർഷം മുമ്പ് ഒരു തലയോട്ടിയുമായി ചിന്നയ്യ തന്നെ സമീപിച്ചിരുന്നുവെന്ന് ടി. ജയന്ത് പറഞ്ഞു. അയാൾക്ക് ഭക്ഷണവും കിടപ്പാടവും നൽകി, നീതി നടപ്പിലാക്കുക മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്.

ചിന്നയ്യ, ഗിരീഷ് മട്ടന്നനവർ, സുജാത ഭട്ട് (മറ്റൊരു പരാതിക്കാരി) എന്നിവരുടെ ഒപ്പം കാറിൽ ഡൽഹിയിൽ ചിലരെ കാണാനായി പോയിട്ടുണ്ടെന്നും ജയന്ത് പറഞ്ഞു. താൻ ചെയ്തത് തെറ്റാണെങ്കിൽ തന്നെ ശിക്ഷിക്കട്ടെ, ഇതുവരെ എസ്ഐടിയിൽ നിന്നും ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ജയന്ത് പറഞ്ഞു.

എന്നാൽ, ചില അയൽവാസികൾ ജയന്തിന് ലഹരി ഇടപാടുകളുണ്ടെന്ന് ആരോപിച്ചു. ആരോപണങ്ങൾ നിഷേധിച്ച ജയന്ത് തന്നോട് വ്യക്തിവൈരാഗ്യമുള്ളവരാണ് ഇത്തരത്തിൽ ആരോപണങ്ങൾ നടത്തുന്നത്. എന്ത് അന്വേഷണത്തിനും താൻ തയ്യാറാണെന്നും ജയന്ത് പറഞ്ഞു.