നാല് മില്യണ്‍ കടന്ന് ദുബായിലെ ജനസംഖ്യ; ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന നിരക്കായാണ് ഇത്

0
30

ദുബായില്‍ ജനസംഖ്യ വ്യാഴാഴ്ചയോടെ നാല് മില്യണ്‍ ( 40 ലക്ഷം) കടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ന്ന നിരക്കായാണ് ഇത് കണക്കാക്കപ്പെടുന്നത്. ദുബായ് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് എസ്റ്റാബ്ലിഷ്‌മെന്റ്’സ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരമാണ് ഇത് കണക്കാക്കിയിരിക്കുന്നത്.

14 വര്‍ഷത്തിനിടയില്‍ ജനസംഖ്യ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 2011 ല്‍ ദുബായിലെ താമസക്കാരുടെ എണ്ണം രണ്ട് മില്യണ്‍ ആയിരുന്നു. 1975ല്‍ 187,187 ആയിരുന്നു എണ്ണം. 2002ല്‍ ഇത് ഒരു മില്യണിലേക്ക് എത്തി. 2011 ആയപ്പോഴേക്കും രണ്ട് മില്യണ്‍ ആയെന്നും 2018ല്‍ അത് മൂന്ന് മില്യണ്‍ ആയെന്നുമാണ് കണക്ക്.

ഏഴ് വര്‍ഷത്തിനിടെ പ്രവാസികളുടെ ജനസംഖ്യ രണ്ട് മില്യണില്‍ നിന്ന് മൂന്ന് മില്യണ്‍ ആയി അടുത്ത ഏഴ് വര്‍ഷത്തിനിടയില്‍ അത് മൂന്ന്് മില്യണില്‍ നിന്ന് നാല് മില്യണായി കുതിച്ചെന്നുമാണ് കണക്ക്. ഈ കുതിപ്പ് തുടര്‍ന്നാല്‍ 2032 ആകുമ്പോഴേക്കും അഞ്ച് മില്യണ്‍ ആയി ഉയരും. 2039 ആവുമ്പോഴേക്കും അത് ആറ് മില്യണാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

2021ല്‍ കോവിഡ് കാലത്ത് ദുബായിലെ ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വർധനവാണ് രേഖപ്പെടുത്തിയത്. ഈ സമയത്ത് നിരവധി കമ്പനികള്‍ പ്രവാസികളെ പിരിച്ചു വിടുകയും പലരും ദുബായ് വിട്ട് സ്വന്തം നാട്ടിലേക്ക് പോവുകയും ചെയ്തതിനാലാണ് ഈ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.

ദുബായിക്ക് സമാനമായി യുഎഇയിലെ ജനസംഖ്യയിലും വലിയ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം 11.39 മില്യണ്‍ എന്ന എക്കാലത്തെയും വലിയ കണക്കിലേക്ക് എത്തിയിട്ടുണ്ട്.

എന്നാല്‍ ദുബായിലുണ്ടാവുന്ന ജനസംഖ്യാ വര്‍ധനവില്‍ കാര്യമായ പ്രതിഫലനം തന്നെ ഉണ്ടാകുന്നുണ്ട്. അത് വീടുകള്‍ കിട്ടുന്നതിലുണ്ടാകുന്ന ഡിമാന്‍ഡ്, വിദ്യാഭ്യാസ സൗകര്യങ്ങള്‍, പൊതു ഗതാഗതം, ആരോഗ്യ മേഖലയിലെ വിദഗ്ധരും സൗകര്യങ്ങളും, അടിസ്ഥാന പദ്ധതികള്‍, ജോലി സാധ്യതകള്‍, വിസ തുടങ്ങി നിരവധി കാര്യങ്ങളില്‍ ജനസംഖ്യാ വര്‍ധന പ്രതിഫലനം സൃഷ്ടിക്കുന്നുണ്ടെന്നാണ് കണക്ക്. ദുബായില്‍ കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് ജോലിക്കായി എത്തുന്നത്. അതുകൊണ്ട് തന്നെ മലയാളികളെയും കാര്യമായി തന്നെ ഈ മാറ്റം ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.