ഓണാഘോഷത്തിന് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചു; വിദ്യാര്‍ഥികള്‍ക്ക് കേസും പിഴയും

0
33

കോളജിൽ രൂപമാറ്റം വരുത്തിയ വാഹനം ഉപയോഗിച്ച് ഓണാഘോഷം നടത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം പൊന്നാനി വെളിയങ്കോട് കോളജിൽ വിദ്യാർഥികൾ ഓണാഘോഷത്തിന് കൊണ്ടുവന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. വാഹനത്തിൽ രൂപമാറ്റം വരുത്തിയ ഓരോ ഭാഗത്തിനും 5000 രൂപ വീതം പിഴിയടച്ച ശേഷമേ വാഹനങ്ങൾ വിട്ടു നൽകുവെന്ന് പൊലീസ് അറിയിച്ചു.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കു മുകളിൽ നിന്നും ഡോറുകളിലൂടെ പുറത്തേക്ക് നിന്നുമെല്ലാമായിരുന്നു ഓണാഘോഷം. ആഘോഷം പൂർത്തിയാകും മുൻപു തന്നെ പൊലീസിന്റെ പിടിവീണു. പിന്നെ ഓണ വേഷത്തിൽ തന്നെ വാഹനങ്ങളുമായി സ്റ്റേഷനിലേക്ക്. ഗതാഗതം തടസ്സപ്പെടുത്തുകയും അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കുകയും ചെയ്തതിന് കോളജിലെ 10 വിദ്യാർഥികൾക്കെതിരെ കേസെടുത്തു. 

വെളിയങ്കോട്-എടക്കഴിയൂർ സംസ്‌ഥാന പാതയിലും മുളമുക്ക് റോഡിലും പൊലീസ് അനുമതി ഇല്ലാതെ വാഹന റാലി നടത്തിയതിന് കൂടിയാണ് കേസ്. രൂപമാറ്റം വരുത്തിയ മിക്ക വാഹനങ്ങളും വാടകയ്ക്ക് എടുത്തതാണ്. വാഹനത്തിൽ രൂപമാറ്റം വരുത്തിയ ഓരോ ഭാഗത്തിനും 5000 രൂപ വീതം വാഹന ഉടമ പിഴ അടയ്ക്കണം. വാഹനങ്ങൾ ഓടിച്ച വിദ്യാർഥികൾക്കെതിരെയും കേസെടുക്കുന്നുണ്ട്.