ഖുർആൻ കത്തിച്ച് റിപ്പബ്ലിക്കന്‍ രാഷ്ട്രീയ നേതാവ് വലെന്റീന ഗോമെസ്. ടെക്‌സസിലെ 31-ാമത് കോണ്‍ഗ്രഷണല്‍ ജില്ലാ സീറ്റില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് വലന്റീന ഗോമെസ്. ടെക്‌സസില്‍ നിന്ന് മുസ്ലീങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നതിന്റെ പ്രതീകാത്മകമായാണ് ഖുറാന്‍ കത്തിച്ചതെന്നാണ് റിപ്പബ്ലിക്കന്‍ നേതാവിന്റെ പ്രഖ്യാപനം.
‘ടെക്‌സസിലെ മുസ്ലീങ്ങളെ അവസാനിപ്പിക്കണം. 57 മുസ്ലീം രാജ്യങ്ങളുണ്ടല്ലോ. അതില്‍ ഏതിലേക്കെങ്കിലും പൊക്കോട്ടെ,’വലെന്റീന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
മുസ്ലീങ്ങള്‍ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ കൈയ്യടക്കാന്‍ റേപ്പ് ചെയ്യുകയും കൊല്ലുകയും ചെയ്യുകയാണെന്നും എക്‌സ് പോസ്റ്റില്‍ വലെന്റീന കുറിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് ക്യാംപെയിന്റെ ഭാഗമായാണ് സ്ഥാനാര്‍ഥിയുടെ വിദ്വേഷ പ്രചരണം. കോണ്‍ഗ്രസിലെത്താന്‍ സഹായിക്കണമെന്നും അങ്ങനെ വന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും അവരുടെ (ഇസ്ലാമിന്റെ) മുന്നില്‍ തലകുനിക്കേണ്ടി വരില്ലെന്നും വലെന്റീന പറയുന്നുണ്ട്.
”ഇസ്ലാമിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാതെ നിങ്ങളുടെ മക്കള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതും നിങ്ങളുടെ ആണ്‍ മക്കളുടെ തലയറുക്കപ്പെടുന്നതും നില്‍ക്കില്ല,’ എന്ന് പറഞ്ഞുകൊണ്ടാണ് വലെന്റീന ഖുറാന്‍ കത്തിച്ചത്.
ഖുർആൻ കത്തിച്ചതില്‍ തനിക്ക് ഒരു വിഷമവുമില്ലെന്നും വലെന്റീന ഗോമെസ് പറഞ്ഞു. ഖുറാന്‍ കത്തിച്ചതിന് ശേഷം പങ്കുവെച്ച പോസ്റ്റിലാണ് വലെന്റീനയുടെ പ്രതികരണം. ഇസ്രയേലിലെ ഹമാസ് ആക്രമണം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വലെന്റീനയുടെ പ്രതികരണം.
‘ഞാന്‍ എന്റെ പ്രവൃത്തികളില്‍ ഉറച്ചു നില്‍ക്കുന്നു. ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്കും അബ്ബേ ഗേറ്റില്‍ 13യുഎസ് സെര്‍വീസ് അംഗങ്ങളുടെ മരണത്തിനും കാരണമായ ഖുറാന് മുന്നില്‍ ഞാന്‍ മുട്ടു മടക്കില്ല,’ എന്നാണ് വലെന്റീനയുടെ പ്രതികരണം.