വീണ്ടും ലോകത്തെ ഞെട്ടിച്ച് ചൈന; ഗർഭധാരണത്തിനും ഗർഭം ചുമക്കാനും ഇനി റോബോർട്ട്, ഗർഭസ്ഥ ശിശുവിനെ വഹിക്കുന്ന ആദ്യത്തെ കൃത്രിമ ഗർഭപാത്രം വികസിപ്പിച്ചതായി ഗവേഷകർ

0
63

ഗർഭധാരണത്തിനും ഗർഭം ചുമക്കാനും റോബോർട്ടിനെ വികസിപ്പിച്ച് ചൈന. ഗർഭസ്ഥ ശിശുവിനെ വഹിക്കുന്ന ആദ്യത്തെ കൃത്രിമ ഗർഭപാത്രം വികസിപ്പിച്ചതായാണ് ചൈന അവകാശപ്പെടുന്നത്. ഗർഭധാരണം മുതൽ പൂർണ്ണ വളർച്ച വരെ ഒരു ഗർഭസ്ഥ കുഞ്ഞിനെ വഹിക്കാൻ കഴിയുന്ന ആദ്യത്തെ “ഗർഭധാരണ റോബോട്ട്” ആണ് ചൈന വികസിപ്പിച്ചെടുത്തത്. “ഗർഭപാത്രവുമായുള്ള” ബന്ധത്തിന് ഒരു കൃത്രിമ പൊക്കിൾ കൊടിയും ഇതോടൊപ്പം ഉണ്ട്.

പോഷകാഹാരങ്ങൾ

ഗർഭകാലം മുഴുവൻ ഗർഭസ്ഥ ശിശുവിന് ഒരു ഹോസ് വഴി ആവശ്യമായ പോഷകങ്ങൾ റോബോട്ടിന് എത്തിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. പുതിയ കണ്ടു പിടിത്തം ഇപ്പോൾ പൂർണ്ണ റിസൾട്ട് ഉണ്ടാകുന്ന തരത്തിൽ വികസിപ്പിച്ചിട്ടുണ്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഗര്‍ഭസ്ഥ ശിശു ഒരു കൃത്രിമ ഗര്‍ഭപാത്രത്തിനുള്ളില്‍ വളരുകയും ഒരു ട്യൂബ് വഴി പോഷകങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. എങ്കിലും, അണ്ഡവും ബീജവും എങ്ങനെ ബീജസങ്കലനം ചെയ്യപ്പെടുമെന്നതിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കൃത്രിമ ഗർഭാശയ സാങ്കേതികവിദ്യ ഇപ്പോൾ പൂർണ്ണമായും തയ്യാറാണെന്നും ഇത് ഒരു റോബോട്ടിന്റെ വയറ്റിൽ സ്ഥാപിക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഗർഭകാലത്ത് ഗര്ഭപിണ്ഡത്തെ പരിശോധിക്കുന്നതിനായി മനുഷ്യനും റോബോട്ടും തമ്മിൽ ആശയവിനിമയ സംവിധാനവും സജ്ജീകരിക്കും. പദ്ധതി പൂർണ്ണ വിജയകരമാണെങ്കിൽ, വന്ധ്യതയുള്ള ദമ്പതികളെയോ ജൈവിക ഗർഭധാരണത്തിന് വിധേയരാകാൻ കഴയാത്തവരെയോ സഹായിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.

റോബോട്ട് വില

സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡോ. ഷാങ് ക്വിഫെങ്ങിന്റെ നേതൃത്വത്തിലുള്ള ഗ്വാങ്ഷോ ആസ്ഥാനമായുള്ള കൈവ ടെക്നോളജിയാണ് റോബോട്ട് വികസിപ്പിക്കുന്നത്. സാങ്കേതികവിദ്യ ഇതിനകം “പക്വമായ ഘട്ടത്തിലാണെന്ന് ഡോ. ഷാങ് അവകാശപ്പെട്ടു. റോബോട്ടിന്റെ ആദ്യ പ്രോട്ടോടൈപ്പ് അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ പ്രാഥമിക വില, 100000 യുവാൻ അഥവാ 1216589 രൂപയായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.