‘ബാറിൽ വച്ച് അസഭ്യം പറഞ്ഞു, ലൈംഗികമായി അധിക്ഷേപിച്ചു’: മുൻകൂർ ജാമ്യം തേടി നടി ലക്ഷ്മി മേനോൻ, അറസ്റ്റ് തടഞ്ഞു

0
203

കൊച്ചി: ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിൽ പ്രതി ചേർത്തതോടെ നടി ലക്ഷ്മി മേനോന്‍ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. കേസിൽ എറണാകുളം നോർത്ത് പൊലീസ് പ്രതിയാക്കിയതോടെ നടി ഒളിവിലാണ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുൻ, അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവർക്കൊപ്പം മറ്റൊരു വനിതാ സുഹൃത്തുമുണ്ടായിരുന്നു. പിടിയിലായവർ ആലുവ, പറവൂർ സ്വദേശികളാണ്. ആലുവ സ്വദേശിയായ ഐടി കമ്പനി ജീവനക്കാരനാണ് തന്നെ കടത്തിക്കൊണ്ടുപോയി മർദിച്ചെന്ന് പരാതി നൽകിയിരിക്കുന്നത്. കോടതിയിൽ മുൻകൂർ ജാമ്യം നൽകിയതിനു പിന്നാലെ നടിയുടെ അറസ്റ്റ് തടഞ്ഞു. ഓണത്തിനു ശേഷം കേസ് പരിഗണിക്കുമ്പോൾ മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കും.

പരാതിക്കാരന്‍ ബാറില്‍ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തെന്ന് ലക്ഷ്മി മുൻകൂർ ജാമ്യ ഹർജിയിൽ ആരോപിച്ചു. ബാറില്‍ നിന്ന് ഇറങ്ങിയ ശേഷം പരാതിക്കാരന്‍ കാറില്‍ പിന്തുടരുകയും ബിയർ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി മേനോൻ പറയുന്നു. കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരന്‍ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കം. കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നടി മുന്‍കൂർ ജാമ്യ ഹർജിയിൽ പറയുന്നു.