നിര്‍മാണ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് സാധ്യത; 2034 ലോക കപ്പിനായി സഊദിയില്‍ 14 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും

0
87

ജിദ്ദ: നിര്‍മാണ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് അവസരമൊരുക്കി സൗദി 2034 ലോകകപ്പിനായി 14 സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് പ്രാദേശിക സ്ഥാപനങ്ങളായിരിക്കും സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുക. ഇതുവഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.

2034 ലോക കപ്പിനാണ് സൗദി ആതിഥേയത്വം വഹിക്കുന്നത്. ഫിഫ മാനദണ്ഡങ്ങള്‍ അനുസരിച്ച് 14 സ്റ്റേഡിയങ്ങള്‍ ആവശ്യമാണ്. ഇതിനുള്ള ഒരുക്കങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. സ്‌പെയിന്‍, ബെല്‍ജിയം, ചൈന തുടങ്ങി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക. ഇതിനായി പ്രാദേശിക നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് വിവിധ കരാറുകള്‍ നല്‍കിയിട്ടുണ്ട്.

ഉദ്ഘാടനത്തിനും ഫൈനല്‍ മത്സരങ്ങള്‍ക്കുമായി 80,000 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയമാണ് നിര്‍മിക്കുന്നത്. സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് 60,000 പേര്‍ക്കും, ബാക്കി മത്സരങ്ങള്‍ക്ക് 40,000 പേര്‍ക്കുള്ള സ്റ്റേഡിയങ്ങളുമാണ് നിര്‍മിക്കുക. ഇവയില്‍ ഒരു സ്റ്റേഡിയം താല്‍ക്കാലികമായുള്ളതായിരിക്കും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഡിയങ്ങള്‍ ഉയരുക. ഇതിനായ കോടിക്കണക്കിന് ഡോളറിന്റെ കരാറുകളില്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിക്കുക.