ഓണക്കാലത്ത് നാട്ടിലേക്കു വരുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്ക് വർധന. ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനയാണുള്ളത്.
ഓണം, വിഷു, ഈസ്റ്റർ, പെരുന്നാൾ, ക്രിസ്മസ്, പുതുവത്സരം തുടങ്ങി വിശേഷ അവസരങ്ങളിൽ എയർ ലൈനുകൾ വിമാനടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കാറുണ്ട്. ഉയർന്ന ടിക്കറ്റ് നിരക്ക് മാസങ്ങൾക്കു മുൻപേ നിലവിൽ വരും. അതിനാൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്താലും അവധിക്കാലത്ത് വലിയ നിരക്കാണ്. അത്യാവശ്യമായി വിശേഷ ദിവസങ്ങളിൽ നാട്ടിലേക്കു പോകേണ്ടി വരുന്നവർക്ക് ഒരു തരത്തിലും താങ്ങാൻ സാധിക്കാത്ത തരത്തിലാകും വർധന. പലപ്പോഴും അഞ്ചും ആറും ഇരട്ടിയാകും നൽകേണ്ടി വരിക.
ഓണക്കാലത്ത് തിരുവനന്തപുരത്തേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് തലവേദനയാണ് വിമാനയാത്രാ നിരക്കു വര്‍ധന. കഴിഞ്ഞ മാസങ്ങളേക്കാള്‍ വലിയ വ്യത്യാസമാണ് വിമാനനിരക്കില്‍ ഉണ്ടായിരിക്കുന്നത്. ഗള്‍ഫിലെ അവധിയും ഓണക്കാലവും ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികള്‍ നിരക്കു വര്‍ധിപ്പിച്ചിരിക്കുന്നത്. അവധിക്കാലം കഴിഞ്ഞു തിരിച്ചു പോകാനും വലിയ നിരക്കാണു കൊടുക്കേണ്ടിവരുന്നത്. ഓണക്കാലം കഴിയുന്നതുവരെ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നിരക്ക് മൂന്നും നാലും ഇരട്ടിയാക്കി ഉയര്‍ത്തുന്നത് പതിവാണ്. 8000 മുതല്‍ 12000 രൂപയ്ക്കു വരെ ലഭ്യമാകുന്ന ഗള്‍ഫ് ടിക്കറ്റുകള്‍ക്ക് 70000 രൂപ വരെ നല്‍കേണ്ട അവസ്ഥയുണ്ടാകും. കുടുംബമായി ഓണം കൂടാന്‍ നാട്ടിലേക്കു വരുന്നവരാണ് പെടുന്നത്.
ഗൾഫ് രാജ്യങ്ങളിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചും ഉത്സവ സീസണുകളിൽ വിമാനനിരക്ക് കുതിച്ചു കയറുന്നതിന് ഇത്തവണയും വ്യത്യാസമില്ല. ഗള്‍ഫിലെ അവധിക്കാലവും ഓണവും കൂടി ഒരുമിച്ചു വന്നതോടെ വിമാനക്കമ്പനികൾക്ക് ചാകരയാണ്. ഓണത്തിന് നാട്ടിലെത്താൻ മാത്രമല്ല, അവധിക്കാലം കഴിയും മുൻപു തിരിച്ചെത്തണമെങ്കിലും അധിക ടിക്കറ്റ് നിരക്ക് നൽകണം. 8000 രൂപ മുതല്‍ 12000 രൂപയ്ക്കു വരെ ലഭിച്ചിരുന്ന ഗള്‍ഫ് ടിക്കറ്റുകള്‍ക്ക് ഈ സമയത്ത് ഇരട്ടിയും രണ്ടും മൂന്നും ഇരട്ടിയൊക്കെ നൽകേണ്ടി വരുന്നു. കനത്ത നിരക്ക് നൽകിയാലും പക്ഷേ പത്തും പതിനഞ്ചും മണിക്കൂറുകളൊക്കെ എടുത്താണ് എത്തിച്ചേരാൻ കഴിയുക.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽനിന്നു ഗൾഫ് മേഖലയിലേക്കുളള വിമാനനിരക്കിലും വൻ വർധനയുണ്ട്. ദുബായ് തുടങ്ങിയ ഇടങ്ങളിൽനിന്ന് വേനലവധിക്ക് നാട്ടിലെത്തി മടങ്ങുന്നവരുടെ തിരക്ക്, ഓണം തുടങ്ങിയ സാഹചര്യങ്ങൾ മുതലെടുത്താണ് വിവിധ വിമാനക്കമ്പനികൾ മൂന്നു മുതൽ എട്ടിരട്ടി വരെ നിരക്കിൽ വർധന വരുത്തിയിരിക്കുന്നത്. കോഴിക്കോട്ടുനിന്ന് ദുബായ് റൂട്ടിൽ പതിനായിരം രൂപയിൽതാഴെ ലഭിച്ചുവന്ന ടിക്കറ്റിന് സെപ്റ്റംബർ 1 ന് 28,658 മുതൽ 79,398 രൂപ വരെയായിരുന്നു. എണ്ണായിരം രൂപയിൽ താഴെയായിരുന്ന ഷാർജയിലേക്കുളള ടിക്കറ്റ് 29,527 മുതൽ 48,895 രൂപ വരെയായി. 8,000 രൂപയിൽ താഴെയായിരുന്ന ദമാമിലേക്കുളള ടിക്കറ്റ് 37,373 ലും മുകളിലേക്കുമൊക്കെയാണ് നിരക്കുവർധന. സെപ്റ്റംബർ പകുതിയോടെ നിരക്കുകളിൽ വലിയ കുറവുണ്ടാകുമെന്നും ട്രാവൽ എജൻസി വൃത്തങ്ങൾ പറയുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ മൂന്നിരട്ടിയിലേറെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. സെപ്റ്റംബർ 4 വരെ ഗൾഫ് രാജ്യങ്ങളിൽനിന്നു കണ്ണൂരിലേക്കും സെപ്റ്റംബർ ആറ് മുതൽ പത്ത് വരെ തിരിച്ചുമാണ് ഉയർന്ന നിരക്ക്. സാധാരണ 8000 മുതൽ 15000 വരെയുള്ള ടിക്കറ്റിന് ഈ ദിവസങ്ങളിൽ 20000 രൂപ മുതൽ 40000 രൂപ വരെ നൽകണം. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂരിൽനിന്നു സർവീസ് കുറവായതിനാൽ നിരക്ക് കൂടുതലാണ്.
…