വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കിയതിനു പിന്നിൽ താനാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അഞ്ച് വിമാനങ്ങൾ വെടിവച്ചിട്ടെന്നാണ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഏതു രാജ്യം, ഏതൊക്കെ വിമാനങ്ങൾ വെടിവച്ചിട്ടുവെന്നതിൽ വ്യക്തത വരുത്താൻ അദ്ദേഹം തയാറായില്ല.
ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നു രണ്ടാഴ്ച മുൻപ് വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ.പി.സിങ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏഴു വിമാനങ്ങൾ വെടിവച്ചിട്ടെന്ന് ട്രംപ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്–400 ആണ് ഈ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതെന്നായിരുന്നു വ്യോമസേനാ മേധാവി പറഞ്ഞത്. അഞ്ച് ജെറ്റുകളെ കൂടാതെ, ഒരു എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോളും (എഇഡബ്ല്യു ആൻഡ് സി) തകർത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.