ലണ്ടൻ: യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. രണ്ട് സംഘങ്ങളായി വിദ്യാർഥികൾ സഞ്ചരിച്ച കാറുകൾ തമ്മിൽ എസക്സിലെ റെയ്‌ലി സ്പർ റൗണ്ട്എബൗട്ടിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.
വിദ്യാർഥികൾ ഹൈദരാബാദ് സ്വദേശികളാണ്. ഒൻപതു പേരടങ്ങുന്ന വിദ്യാർഥി സംഘം രണ്ട് കാറുകളിലായി ‘ഗണേശ വിഗ്രഹം’ നിമജ്ജനം ചെയ്ത ശേഷം വീടുകളിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
അപകടത്തിൽ ഹൈദരബാദ് സ്വദേശികളായ ചൈതന്യ താരെ (23) സംഭവസ്ഥലത്തും ഋഷിതേജ റാപോളു (21) ആശുപത്രിയിലും വച്ചാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 4.15 നായിരുന്നു അപകടം. കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബട്ടമേക്കാല (23), മനോഹർ സബ്ബാനി (24) എന്നിവരെ എസക്സ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലന്നാണ് സൂചന. പരുക്കേറ്റ 5 പേരെ റോയൽ ലണ്ടൻ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
സായി ഗൗതം റവുള്ള (30), 20 മുതൽ 23 വയസ്സുവരെ പ്രായമുള്ള നൂതൻ തടികായല, യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരാണ് ചികിത്സയിൽ ഉള്ളത് ഇവരിൽ സായി ഗൗതം റവുള്ള, നൂതൻ തടികായല എന്നിവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത കുരുക്ക് ഉണ്ടായി. അപകടം ഉണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ നാട്ടിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു.