നോയിഡ: സ്ത്രീധന പീഡനത്തെ തുടർന്ന് ഒരു ജീവൻ കൂടിയാണ് പൊലിഞ്ഞിരിക്കുന്നത്. ഗ്രേറ്റര്‍ നോയ്ഡയിലെ സിര്‍സ ഗ്രാമത്തിൽ ആണ് ആ ഇരുപത്തിയാറുകാരി വെന്തുമരിച്ചത്. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് യുവതിയെ തീകൊളുത്തുമ്പോൾ മകൻ തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്നു. “ആദ്യം അവർ അമ്മയുടെ ദേഹത്ത് എന്തോ പുരട്ടി. പിന്നെ അടിച്ചു, ലൈറ്റർ കൊണ്ട് തീകൊളുത്തി,” കണ്ണീരോടെ ഉള്ളു വിങ്ങിയായിരുന്നു ആ കൊച്ചുകുട്ടി സംസാരിച്ചത്. അച്ഛനാണോ അമ്മയെ കൊന്നതെന്ന് ചോദിച്ചപ്പോൾ അവൻ തലയാട്ടി.
ഗ്രേറ്റർ നോയിഡയിലെ സിർസ സ്വദേശിയായ വിപിൻ ഭാട്ടിയെ വിവാഹം കഴിച്ച് ഒമ്പത് വർഷത്തിന് ശേഷമാണ് നിക്കി എന്ന സ്ത്രീ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. ക്രൂരമര്‍ദനത്തിനിരയാകുന്നതിന്റെയും ദേഹത്ത് തീപടര്‍ന്ന നിലയില്‍ നിക്കി കോണിപ്പടിയിലൂടെ ഓടിയിറങ്ങുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
36 ലക്ഷം രൂപ സ്ത്രീധനം ലഭിക്കാത്തതിനാൽ തന്റെ കൺമുന്നിൽ വെച്ച് നിക്കിയെ ജീവനോടെ കത്തിച്ചുവെന്ന് ഒരേ കുടുംബത്തിലെ വിവാഹിതയായ മൂത്ത സഹോദരി കാഞ്ചൻ അവകാശപ്പെട്ടു. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ തന്നെ ആക്രമിച്ചതായും അവർ ആരോപിച്ചു. വിവാഹശേഷം അവര്‍ 36 ലക്ഷം രൂപ ചോദിച്ചു. ഞങ്ങള്‍ അവര്‍ക്ക് മറ്റൊരു കാര്‍ നല്‍കി. എന്നാല്‍, അവരുടെ ആവശ്യങ്ങളും പീഡനവും തുടര്‍ന്നുകൊണ്ടേയിരുന്നു, കാഞ്ചന്‍ ആരോപിച്ചു.
വ്യാഴാഴ്ച രാത്രി, നിക്കിയെ വിപിന്‍ ക്രൂരമായി മര്‍ദിച്ചുവെന്നും ബോധരഹിതയായി വീണ നിക്കിയെ തീകൊളുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്നെങ്കിലും സഹോദരിയെ തനിക്ക് രക്ഷിക്കാനായില്ല. അയല്‍വാസികളാണ് നിക്കിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിച്ചത്, കാഞ്ചന്‍ പറഞ്ഞു.
സഹോദരിയുടെ പരാതിയിൽ, ഇരയുടെ ഭർത്താവ്, സഹോദരീഭർത്താവ് രോഹിത് ഭാട്ടി, അമ്മായിയമ്മ ദയ, ഭാര്യാപിതാവ് സത്വീർ എന്നിവർക്കെതിരെ കസ്ന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവിനെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
നിക്കിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കാസ്ന പോലീസ് സ്റ്റേഷന് പുറത്ത് നിരവധി പേർ തടിച്ചുകൂടി. ‘ജസ്റ്റിസ് ഫോർ നിക്കി’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് അവർ എത്തിയത്.