ട്രെയിനില്‍ ഉറങ്ങവേ യുവതിയെ കയറിപ്പിടിച്ച് റെയില്‍വേ പോലീസ്; പണിപോകുമെന്ന് ക്ഷമാപണം

0
95

ട്രെയിനില്‍ ഉറങ്ങിക്കിടക്കവേ തന്നോട് മോശമായി പെരുമാറിയെന്ന യാത്രക്കാരിയുടെ പരാതിയില്‍ റെയിൽവേ പൊലീസ് കോൺസ്റ്റബിളിന് സസ്പെന്‍ഷന്‍. പ്രയാഗ്‌രാജ് എക്‌സ്പ്രസിലായിരുന്നു സംഭവം. പൊലീസ് കോണ്‍സ്റ്റബിള്‍ മാപ്പുപറയുന്ന യുവതി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പിന്നാലെയാണ് ആശിഷ് ഗുപ്ത എന്ന കോൺസ്റ്റബിളിനെതിരെ നടപടിയുണ്ടായത്.

ഓഗസ്റ്റ് 14 ന് ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് അതിക്രമമുണ്ടായത്. ഡൽഹിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. റിസർവ് ചെയ്ത സീറ്റിൽ ഉറങ്ങുകയായിരുന്ന യുവതിയോട് കോൺസ്റ്റബിൾ മോശമായി പെരുമാറി എന്നാണ് ആരോപണം. പുലർച്ചെ 1.45 ഓടെ ട്രെയിന്‍ ഇറ്റാവയ്ക്കും കാൺപൂരിനും ഇടയില്‍ എത്തിയപ്പോളാണ് ഇയാള്‍ യുവതിയുടെ അടുത്തെത്തിയത്. 

ആരോ തന്നെ സ്പർശിക്കുന്നതായി തോന്നിയ യുവതി പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുകയും പ്രതികരിക്കുകയുമായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളാണ് മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ കോൺസ്റ്റബിളിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്.

‘എന്തിനാണ് നിങ്ങള്‍ അങ്ങിനെ ചെയതത്? ആളുകളുടെ സുരക്ഷയ്ക്കല്ലേ നിങ്ങളെ നിയോഗിച്ചത്?’ യുവതി ഉദ്യോഗസ്ഥനോട് ചോദിക്കുന്നു. യുവതിക്കൊപ്പം കോച്ചിലുണ്ടായിരുന്ന മറ്റുയാത്രക്കാരും കോണ്‍സ്റ്റബിളിന്‍റെ പ്രവൃത്തിക്കെതിരെ രംഗത്തെത്തി.

അടുത്തേക്കു വരാതെ അകലെ നില്‍ക്കാനും യുവതി ഇയാളോട് ആവശ്യപ്പെടുന്നുണ്ട്. ‘ആരെങ്കിലും ഇവിടെ ഉറങ്ങുകയാണെങ്കിൽ നിങ്ങള്‍ അവരെ തൊടാൻ വരും. ഇങ്ങനെയാണോ നിങ്ങള്‍ യാത്രക്കാരെ സംരക്ഷിക്കുന്നത്?’ യുവതി ചോദിക്കുന്നു.

പിന്നാലെ കോൺസ്റ്റബിൾ കൈകൾ കൂപ്പി തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നതും വിഡിയോയിലുണ്ട്. തന്‍റെ ജോലി പോകുമെന്നും ഇയാള്‍ യുവതിയോട് അപേക്ഷിക്കുന്നു. മറുപടിയായി നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാന്‍ താന്‍ എന്തുവേണമെന്ന് യുവതി ചോദിക്കുന്നു. എന്തിനാണ് നിങ്ങള്‍ക്ക് ഈ യൂണിഫോം നല്‍കിയത് എന്നറിയാമോ എന്നും ചോദിക്കുന്നു. വിഡിയോയില്‍ കോൺസ്റ്റബിൾ വീണ്ടും വീണ്ടും ക്ഷമ ചോദിച്ചുകൊണ്ടിരിക്കുന്നതും കാണാം.

യുവതി പിന്നാലെ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും യുവതി പൊലീസിന് കൈമാറി. പിന്നാലെയായിരുന്നു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് നടപടിയുണ്ടാകുന്നത്. ട്രെയിൻ പ്രയാഗ്‌രാജ് ജംക്‌ഷൻ എത്തിയതിന് പിന്നാലെ വനിതാ കോൺസ്റ്റബിൾമാർ യുവതിയുടെ മൊഴിയെടുത്തു. അതേസമയം, സംഭവം വിവരിച്ചതിന് ശേഷം രേഖാമൂലം പരാതി നൽകാൻ യുവതി വിസമ്മതിച്ചതായി ജിആർപി ഇൻസ്‌പെക്ടർ രാജീവ് രഞ്ജൻ ഉപാധ്യായ പറഞ്ഞു.