കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കിയുള്ള റഷ്യയുടെ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരു പ്രധാന ഗവര്‍മെന്റ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.
800ലധികം ഡ്രോണുകളും 13 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചതെന്നാണ് യുക്രൈന്‍ പറയുന്നത്. കീവിലെ മന്ത്രിസഭാ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നാണ് പുക ഉയരുന്നത്. മന്ത്രിമാരുടെ ഓഫീസുകൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അഗ്നിരക്ഷാശമന സേനയും ആംബുലൻസുകളും എത്തിയതിനാൽ കെട്ടിടത്തിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞിരിക്കുകയാണ്. ‘ആദ്യമായാണ് ഒരു ശത്രു ആക്രമണത്തിൽ സർക്കാർ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുന്നതെന്ന് യുക്രൈന്‍ പ്രധാനമന്ത്രി യൂലിയ സ്വൈരിഡെൻകോ പറഞ്ഞു.