കെഎംസിസി ഗ്രാന്റ് – റയാൻ സൂപ്പർ കപ്പ്: കണ്ണൂര്‍ സെമിയിൽ

റിയാദ് : ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പിൽ ജില്ല മത്സരങ്ങളിൽ കണ്ണൂർ ജില്ല ടീം തോൽവിയറിയാതെ സെമിയിലേക്ക് മുന്നേറി. ‘എ’ ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കണ്ണൂർ ജില്ല ടീം സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജസീമിന്റെ ഹാട്രിക്ക് കരുത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് എറണാകുളത്തെയാണ് കണ്ണൂർ തോൽപ്പിച്ചത്. മഹ്‌റൂഫും അർഷാദും കണ്ണൂരിനു വേണ്ടി മറ്റു രണ്ടു ഗോളുകൾ സ്‌ക്കോർ ചെയ്തു. നജീബാണ് എറണാകുളത്തിന് ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ ഹാട്രിക്ക് നേടിയ ജസീമിനെ മാന് ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഡ്വ. അനീർ ബാബു ജസീമിന് അവാർഡ് സമ്മാനിച്ചു.

നാളെ വൈകുന്നേരം നടക്കുന്ന മത്സരത്തില്‍ കോഴിക്കോട് ജില്ല പാലക്കാടിനെയും മലപ്പുറം ജില്ല ആലപ്പുഴയെയും നേരിടും. ക്ലബ് മത്സരത്തിൽ മാർ പ്രൊജകറ്റ്സ് ബ്ലാസ്റ്റേഴ്സ് വാഴക്കാട് ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരളയെയും, അൽ റയാൻ ട്രാവൽസ് ലാന്റൺ എഫ്. സി ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറിനെയും നേരിടും.

അബു ഫഹദ്‌ മുത്തൈരി, മുഹമ്മദ്‌ കണ്ടക്കൈ, കരീം എറണാകുളം, ഷംസീർ നാദാപുരം, ഷരീഫ് മട്ടന്നൂർ, ഷമീർ കണ്ണൂർ, മുഹമ്മദ്‌ കുട്ടി തൃത്താല, സി. കെ അബ്ദുറഹിമാൻ, തൻസീൽ അബ്ദുൽ ജബ്ബാർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.