മധുര: ടിവികെ പാർട്ടി പ്രവർത്തകരെ ‘സിംഹക്കുട്ടികൾ’ എന്ന് അഭിസംബോധന ചെയ്ത് വിജയ്. തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു വിജയ് പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കിയത്.
കാട്ടിലെ രാജാവായ സിംഹത്തിന്റെ സവിശേഷതകൾ വിശദീകരിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ പ്രസംഗം ആരംഭിച്ചത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷയാണ് തന്റെ പാർട്ടിയുടെ മുൻഗണനയെന്ന് വിജയ് വ്യക്തമാക്കി.
ടിവികെയുടെ പ്രത്യയശാസ്ത്ര ശത്രു ബിജെപി ആണെന്നും രാഷ്ട്രീയ ശത്രു ഡിഎംകെ ആണെന്നും വിജയ് സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തിൽ ആവർത്തിച്ചു. ആർഎസ്എസിന് അടിമകളാകണ്ട ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും തമിഴ്‌നാട് ജനതയുടെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും വിജയ് വിമർശിച്ചു. പാഴ് വാഗ്ദാനങ്ങൾ നൽകി തമിഴ്നാട് മുഖ്യന്ത്രി എം കെ സ്റ്റാലിൻ സ്ത്രീകളെയും സർക്കാർ ജീവനക്കാരെയും വ്യത്യസ്ത വിഭാഗങ്ങളിലുള്ള ജനങ്ങളെയും വഞ്ചിച്ചുവെന്നും വിജയ് കുറ്റപ്പെടുത്തി.