ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ എയർപോർട്ടിൽ കുഴഞ്ഞു വീണു; കോഴിക്കോട് സ്വദേശി മരിച്ചു

0
106

ദമാം: ഉംറ തീർഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് ദമാമിൽ അന്തരിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി ചിറ്റാങ്കണ്ടി പോക്കർ ഹാജി (82) ആണ് മരിച്ചത്. ഭാര്യയ്ക്കും മകൾക്കും ഒപ്പം കഴിഞ്ഞ മാസമാണ് അദ്ദേഹം സഊദിയിൽ എത്തിയത്.

15 ദിവസത്തെ ഉംറ തീർഥാടനം പൂർത്തിയാക്കിയ ശേഷം ദമാം വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവർ തീരുമാനിച്ചിരുന്നത്. മദീനയില്‍ നിന്നും ഉംറ ഏജൻസി ഏർപ്പെടുത്തിയ ബസിൽ ഭാര്യക്കും മകൾക്കും സഹതീർഥാടകർക്കുമൊപ്പം ദമാം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേർന്ന പോക്കർഹാജിക്ക് 1200 ലേറെ കിലോമീറ്റർ ദീർഘദൂര ബസ് യാത്രയെ തുടർന്ന് ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

ഉടൻ തന്നെ അദ്ദേഹത്തെ വിമാനത്താവളത്തിന് സമീപമുള്ള സഊദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും തിങ്കളാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഭാര്യ: ഐഷ. മക്കൾ: കുഞ്ഞിമുഹമ്മദ്, ഫാത്തിമ, സാജിത, സുലൈഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം ദമ്മാമിൽ തന്നെ ഖബറടക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. നിയമനടപടികൾ പൂർത്തിയാക്കുന്നതിന് അൽ ഖോബാർ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ ഹംസ നേതൃത്വം നൽകി. ബന്ധുക്കളുടെ നിർദേശപ്രകാരം മൃതദേഹം അൽ ഖോബാർ, തുഖ്ബ ഖബർസ്ഥാനിൽ ഖബറടക്കും.